Aug 20, 2011

ഭൂതക്കുളത്തിലെ കൂട്ടുകാരി

സീൻ - 1

പകൽ

മലമ്പ്രദേശം. വിദൂരദ്യശ്യം.

റബർകാടുക്കൾക്കിടയിൽ ഒളിക്കപ്പെട്ട ഒരു പാമ്പിനെപോലെ ചുറ്റിപിണഞ്ഞുകിടക്കുന്ന താറിട്ടറോഡിലൂടെ മലയിറങ്ങിവരുന്ന ഒരു പോലീസ് ജീപ്പ്.

സീൻ - 1 (A)

പകൽ

ജീപ്പിനുൾവശം

അപകടം നിറഞ്ഞ റോഡിലൂടെ ശ്രദ്ധാപൂർവ്വം ഡ്രൈവ് ചെയ്യുന്ന പോലീസുകാരൻ. അയാൾക്കരുകിലായി എസ് ഐ. പുറകിലായി ചെറുപ്പക്കാരായ രണ്ട് പോലീസുകാർ.

ഏസ് .ഐ പുറകിലിരിക്കുന്ന പോലീസുകാരിലൊരാളെ നോക്കീ : ഏടോ രമേശേ… എനിക്കു തന്നെ ബുദ്ധിമുട്ടിക്കണമെന്നുണ്ടായിട്ടല്ല…ആവശ്യത്തിനു ഡിപ്പാർട്ട്മെന്റിൽ ആളില്ലാണ്ട് ഞാനെന്തു ചെയ്യും ?

രമേശന്റെ ഇഷ്ടപെടാത്ത മുഖം. രമേശനു എതിർവശത്തായിരിക്കുന്ന പോലീസുകാരൻ സുദേവൻ അയാളെ നോക്കി ചിരിക്കുന്നു.

വണ്ടി ഓടിക്കുന്ന പോലീസുകാരൻ : ടി വി കണ്ടെതിനു അമ്മ തല്ലിയെന്നും പറഞ്ഞ ആ കുട്ടി ക്വാറീലെ വെള്ളത്തിൽ ചാടിയത്.

ഏസ് ഏഐ : അതിനു ആ കൊച്ച് കുളത്തിലുണ്ടെന്നുള്ളതിനുറപ്പൊന്നുമില്ല. താനൊന്നു വെറുതെയിരി. ഒരു ചെരുപ്പ് കിട്ടീന്നും വച്ച്….

കുറച്ചുനേരത്തെ നിശബ്ദ്ധത.

എസ് ഐ : ഫയർ ഫോഴ്സ് അവരുടെ പണി പതിനെട്ടും കാട്ടീന്നാ കേട്ടത്. ഇനിയിപ്പോ നേവി വരുന്നുണ്ടത്രെ.


സീൻ -2

പകൽ (വൈകുന്നേരം)

ക്വാറിയ്ക്കരുകിലായുള്ള റോഡ്.

റോഡിനിരുവശവുമുള്ള റബ്ബർകാടുകളാൾ നേരത്തെ തന്നെ അവിടം ഇരുൾ വ്യാപിച്ചിട്ടുണ്ട്.

അവിടെ തിങ്ങി കുടിനിൽക്കുന്ന ജനങ്ങൾക്കിടയിലേക്ക് വന്നു നിൽക്കുന്ന പോലീസ് ജീപ്പ്. എല്ലാ മുഖവും അവിടെക്ക് തിരിയുന്നു.

വിവരമറിഞ്ഞെത്തിയവരുടെ വാഹനങ്ങൾ റോഡിനിരുവശവുമായി കാണാം.

ജീപ്പിനുപിന്നിൽ നിന്നിറങ്ങി എസ് ഐ ക്കരുകിലേക്ക് വരുന്ന സുദേവനും രമേശനും.



എസ് ഐ : (സുദേവനോട്) ടോ ഇവിടൊക്കെ തന്നെ കാണണം. പണ്ടൊരിടത്തു നൈറ്റ് ഡ്യൂട്ടിക്ക് പോയതു പോലെ രാത്രി വാറ്റ് അന്വേഷിച്ച് പോകരുത്.

രമേശേ…എന്തെകിലും ആവശ്യമുണ്ടെൻകി വിളിക്ക്. പിന്നെ, ആ ക്വാറീടെ വഴീലുള്ള ബൈക്കുകളോക്കെ ഒന്നു മാറ്റി വെപ്പിക്ക്.

രമേശനും സുദേവനും ആൾകുട്ടത്തിനിടയിലേക്ക് ലാത്തി വീശി നടന്നു പോകുന്നു. ഒരു ഖദർ വസ്ത്രദാരി കൈയ്യുർത്തികൊണ്ട് പോലിസ് ജീപ്പിനരുകിലേക്ക് ചെല്ലുന്നു.


സീൻ - 2

പകൽ. (വൈകുന്നേരം)

ക്വാറീയിലേക്കുള്ള വഴി.

റബറുകൾക്കിടയിലെ ഇടവഴിയിലൂടെ നടന്നുപോകുന്ന രമേശനുൻ സുദേവനും. അവർക്കു മുമ്പിലും പിന്നിലുമായി വിവരമറിഞ്ഞെത്തിയവരുടെ തിരക്ക്. ചിലർ സ്ഥലം സന്ദർശിച്ച് പല അഭിപ്രായങ്ങളുമായി എതിരെ വരുന്നുണ്ട്.

രമേശനും സുദേവനും എത്തിനിൽക്കുന്നത് ഭീതി ജനിപ്പിക്കുന്ന ഒരു പാറക്വാറിക്ക് മുന്നിലാണ്.

വിശാലമായി നീണ്ട് കായൽ പോലെ നിരന്നു ശാന്തമായികിടക്കുന്ന ജലം. ചുറ്റും ജലത്തിലേക്ക് കുതിക്കാൻ വെമ്പിനിൽക്കുന്ന ഉയർന്ന പാറ മതിലുകൾ. മുകളിൽ ഒരടപ്പുപോലെ ആകാശം.

സുദേവൻ : ( അദ്ഭുതത്തോടെ ) ശരിക്കും ഭൂതക്കുളം തന്നെ. കണ്ടിട്ട് പേടിയാകുന്നു.

രമേശൻ : നേരത്തെ ഇതിന്റെ പേർ കടലുകാണാം പാറ എന്നായിരുന്നു. ചിലപ്പോഴൊക്കെ ഇതിന്റെ മുകളീകേറിനിന്നാ അങ്ങ് ദൂരെ കടൽ കാണാമായിരുന്നു.

കത്തിനിൽക്കുന്ന മീനചൂടിൽ പോലും അതിനുമുകളിൾ നല്ല തണുത്ത കാറ്റുണ്ടായിരുന്നു.

സുദേവൻ : ഇപ്പോ ജനം പാറതുരന്ന് ഇവിടതന്നെ കടലുണ്ടാക്കി. അല്ലേ?

രമേശൻ: ആമ്മവീട്ടിൽ വരുമ്പോൾ ഞങ്ങൾ കുട്ടികളുടെ താവളമായിരുന്നു ഇവിടം.

അവരുടെ കാഴ്ചയിൽ കുറേ ചെറുപ്പക്കാർ കുളത്തിലേക്ക് ഫോക്കസ്ചെയ്ത് വലിയ ലൈറ്റുകൾ മരത്തിൽ വെച്ച് കെട്ടുന്നു. രാത്രിയുലേക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ.

സുദേവൻ : താഴെ കരയിലേക്കടുപ്പിച്ചിട്ടിരിക്കുന്ന ഫയർഫോഴ്സിന്റെ ബോട്ടിലേക്ക് വിരൽ ചൂണ്ടുന്നു. ദേ കുട്ടിയുടെ ചെരുപ്പുകാണാം.

അവർക്കരുകിലായി നിൽക്കുകയായിരുന്ന പ്രായം ചെന്ന ഒരാൾ : സാറെ ദേ… ഇവിടെനിന്ന് വെള്ളത്തിലേക്ക് ഏകദേശം ഒരെഴുപതടി താഴ്ചകാണും അവിടെനിന്നും അത്രേം തന്നെ താഴേക്കും.

അയാളുടെ കുഴഞ്ഞ ശബ്ദം മദ്യപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്നു.

സുദേവൻ : എവിടുന്നൊപ്പിച്ചു ? നല്ല മൂഡിലാണല്ലൊ.

രമേശൻ സുദേവനെ ഇരയെ കിട്ടിയെന്ന ഭാവത്തിൽ ചിരിക്കുന്നു.

വ്യദ്ധൻ : (അബദ്ധം പറ്റിയതുപോലെ വാ പൊത്തി ശബ്ദം താഴ്ത്തി) എന്റെ മോൻ മിലിട്ടറിയാ.

സുദേവൻ : തന്റെ പേരെന്താ ? ഈ ആഴമൊക്കെ തനിക്കെങ്ങനെ ക്യത്യമായി അറിയാം ?

വ്യദ്ധൻ: ഭാസി…ദേ...ഈ പാറപൊട്ടിച്ച് തുടങ്ങും മുതൽ അവസാനം വരേം ഞനിവടത്തെ പണിക്കാരനായിരുന്നു. (ഒന്നു നിർത്തി) ഞാൻ കുഴിച്ച കുളത്തിലാ എന്റെ മിന്നി മോള്.... (അയാൾ കരയാൻ തുടങ്ങുന്നു)

സുദേവൻ : ആ കൊച്ചിന്റെ വീടെവിടെയാ..

കിളവൻ : ദേ ഈ റോഡിനപ്പുറമാ… ഞങ്ങളപ്പുറവും മിപ്പുറവുമാ..


സീൻ: 3

ഇരുൾ വീണു തുടങ്ങുന്നു.

നേരത്തെ വണ്ടിനിർത്തിയ റോഡിനരുകിലായുള്ള വീട്ടിലേക്ക് നടക്കുന്ന രമേശനും സുദേവനും.

അവിടെ കൂട്ടനിലവിളികേൾക്കാം. മുറ്റത്ത് ഒരു നീല ടാർപ്പാളിൻ പിടിച്ചു കെട്ടിയിട്ടുണ്ട്. അവിടെയുമുണ്ട് ജനംക്കൂട്ടം.

രമേശൻ : ഞാനില്ല താൻ പോയിട്ട് വാ..

സുദേവൻ : ഒറ്റ മോളായിരുന്നു. രണ്ടാം ക്ലാസിൽ പടിക്കുന്ന കുട്ടി. രമേശൻ: (ദീർഘനിശ്വാസത്തോടെ) എന്താ ചെയ്ക…ഇപ്പോഴത്തെ കുട്ട്യോൾടെ സ്വഭാവം…വിശ്വസിക്കാൻ പറ്റുന്നില്ല.

സീൻ - 4

രാത്രി

ക്വാറി, ഭയാനകമായ് അന്തരീഷം. രാത്രികാല ജീവികളുടെ തേങ്ങൽ. വെളിച്ചത്തിനായി ചുറ്റും കെട്ടിവച്ചിരിക്കുന്ന ലൈറ്റുകളുടെ പ്രകാശം താഴെ വെള്ളത്തിൽ തട്ടി പ്രതിഫലിച്ചു.

അല്പമകലെ ഒരു കസേരയിലിരിക്കുന്ന രമേശ്. ചുണ്ടെത്തെരിയുന്ന സിഗരറ്റ്. അവിടെയിടെയുമായി ഇനിയും പിരിഞ്ഞുപോകാത്ത കുറച്ചുപേരെ കാണാം കത്തിതീരാറായ സിഗരറ്റ് തറയിൽ ചവിട്ടിയരച്ച് അയാളെഴുന്നേററ്റ് രണ്ട് ചാൽ നടന്നു. കുറച്ചുനേരം ലൈറ്റുവെട്ടത്തിൽ പറന്നുകളിക്കുന്ന ചെറുജീവികളെ നോക്കി നിന്നു. പിന്നിട് ക്വാറിയ്ക്കരുകിലേക്ക് പോയി താഴെ വെള്ളത്തിലേക്ക് നോക്കി.

വീണ്ടും കസേരയിലിരുന്ന് കൈകൾ തലയ്ക്കുപുറകിൽ കെട്ടി ആകാശത്തേക്ക് നോക്കുമ്പോൾ അവിടെ മേഘങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്ന പൂർണ്ണചന്ദ്രൻ.


സീൻ - 5

രാത്രി.

ഭാസിയുടെ വീട്. (പുറവശം)

വീടിനു മുന്നിലിട്ട കസേരയിലിരിക്കുന്ന സുദേവൻ.

ആടുത്തായുള്ള പൂച്ചട്ടികൾക്കിടയിൽ ഒളിപ്പിച്ച മദ്യകുപ്പിയിൽ നിന്നും ഗ്ലാസിലേക്ക് മദ്യം പകരുന്ന ഭാസി.

ഭാസി : ഞാൻ പറഞ്ഞില്ലേ സാറെ നേവി വരില്ലെന്നു. അവരുടെ ക്യാമറ രാത്രീൽ വർക്ക് ചെയ്യില്ല.

മദ്യഗ്ലാസ് സുദേവനുനേരെ നീട്ടികൊണ്ട് : (ശബ്ദം താഴ്ത്തി) മറ്റേ സാറിനു വേണ്ടെ?

സുദേവൻ : ഓ.. അയാളവിടെങ്ങാനും പോയിരുന്നു കരയുന്നുണ്ടാകും.

താനൊഴിക്ക്..താനല്ലേ പറഞ്ഞത് അത്രയേയുള്ളുവെന്ന്...

ഭാസി: യ്യോ… സാറെ ഇതേയുള്ളു. ഭാസി കള്ളം പറയില്ല.

സുദേവൻ : ങും.. (അർഥം വച്ച് മൂളുന്നു.) അകത്തുകാണും ഞാൻ കേറിയൊന്ന് റെയിഡ് ചെയ്യട്ടെ.

വ്യദ്ധൻ :യ്യോ എന്റ പൊന്നു സാറെ, മോനാണസത്യം..ഇതേയുള്ളൂ. ഇതെനിക്കുള്ളതല്ല. കച്ചവടത്തിനുള്ളതാ..എന്നോട് തൊട്ടുപോകരുതെന്ന മോന്റെ കൽപ്പന.

സുദേവൻ അകത്തേക്കൊന്ന് എത്തിനോക്കുന്നു.

വ്യദ്ധൻ : (വിഷമത്തോടെ) അപ്പൊ സാറെ ആ മോളുണ്ടല്ലോ….മിന്നി… അവളൊരു… ഒരു… പൂമ്പാറ്റയായിരുന്നു. ഇവിടൊക്കെ ഇങ്ങനെ പറന്നു പറന്ന് നടക്കും. എന്നോട് വല്യകാര്യമായിരുന്നു. എന്റെ മിന്നി മോള്..

വ്യദ്ധന്റെ കുഴഞ്ഞശബ്ദത്തിൽ അലിഞ്ഞില്ലാതാകുന്ന ക്വാറിയുടെ ഭയാനകമായ ഇരുണ്ട മുഖം.

സീൻ -6

രാത്രി, ക്വാറി.

കസേരയിലിരുന്ന് ഉറക്കം തൂങ്ങുന്ന രമേശ്. അടുത്തെങ്ങും ആരെയും കാണാനില്ല.

ഭയാനകമായ ഒരു നിശബ്ദത മാത്രം അവിടെ കറങ്ങി നിന്നു.

പെട്ടെന്ന് ഒരു കുട്ടിയുടെ ശബ്ദം അയാളെ ഉണർത്തുന്നു. : അങ്കിൾ…..

രമേശ് ഒരു ഞെട്ടലോടെ തലയുയർത്തി. ചുറ്റും നോക്കുന്നു : ആര്..ആരാ വിളിച്ചത് ?

കുട്ടിയുടെ ശബ്ധം : ഞാനാ ..മിന്നിമോൾ…

രമേശ് : മിന്നിമോൾ…?

മിന്നി: (ചിരിക്കുന്നു) അതെ എനിക്കാ.. അങ്കിൾ കൂട്ടിരിക്കുന്നത്.

രമേശ്: മോളെ. മോളെ നീ…എവിടെയാ…

രത്രിയുടെ നിശബ്ദതയിൽ തട്ടി തെറിച്ച അവരുടെ ശബ്ദ്ധത്തിനു വല്ലത്ത കനമുണ്ടായിരുന്നു.

മിന്നി : ( ആരെയൊ കബളിപ്പിക്കാൻ ഒളിച്ചിരിക്കുന്ന ഒരു കുട്ടിയെ പോലെ അവൾ ചിരിക്കുന്നു). ഞാനിവടെയുണ്ട്. ഞാനും മീനുവും…ഞങ്ങള്.. ഈ വെള്ളത്തിനടിയില് ഒളിച്ചിരിക്കുവാ..

രമേശ് : വെള്ളത്തിനടിയിൽ….! മീനുവൊ.. അതാരാണ് ?.

മിന്നി: എന്റെ ഫ്രണ്ടാ.. ഞാനിവളെ ഇവിടെ കൊണ്ടാക്കിയതുമുതൽ പാവം..തനിച്ചായിരുന്നു.

രമേശ് : ആരെ കൊണ്ടാക്കിയ കാര്യമാണ് നീ പറയുന്നത് ?

മിന്നി : മീനുവിനെ…അതൊരു വലിയ കഥയാ..! എന്റെ ക്ലാസിലെ റീന മത്യൂവാ മീനുവിനെ എനിക്കു തന്നത്. ഒരു കുപ്പിയിലാക്കി, അരും കാണാതെ കൊണ്ടു തന്നു. ഞാൻ പപ്പയും മമ്മിയും കാണാതെ അവളെ അലമാരയിൽ ഒളിപ്പിച്ചു വച്ചു.

മിന്നിയുടെ ശബ്ദത്തിനൊപ്പം ദ്യശ്യങ്ങൾ.
( അടച്ചിട്ടമുറിയ്ക്കുള്ളിൽ കുപ്പിയിലാക്കിയ ഒരു ചെറു മത്സ്യ്വുമായി സന്തോഷത്തോടെ ന്യത്തം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടി-മിന്നി. പെട്ടെന്ന് ആരോ വരുന്ന ശബ്ദം കേട്ട് കുപ്പിയിലെ ചെറുമത്സ്യത്തെ അലമാരയിലെ തുണികൾക്കിടയിൽ അവൾ ഒളിപ്പിച്ചു വയ്ക്കുന്നു.)

മിന്നി : പിന്നീട്, കുറച്ചുകഴിഞ്ഞ് നോക്കുമ്പോ മീനു വല്ലാതെ ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ഞാൻ എനിക്കുകിട്ടിയ ബിസ്കറ്റ് കുറച്ച് അവൾക്കു കൊടുത്തു .പക്ഷെ അവൾ കഴിച്ചില്ല. അപ്പം ദേ… മീനു പറയുവാ.. എനിക്ക് ശ്വാസം മുട്ടുന്നു. എനിക്കിത്തിരി വെള്ളം തരാൻ. എനിക്ക് തോന്നി ഇവൾ കള്ളം പറയുവാണെന്ന്. കുപ്പിയിൽ നിറയെ വെള്ളമുണ്ടല്ലോ…

(രാത്രി. മുറിയിലെ റ്റേബിളിനുമുകളിലിരിക്കുന്ന കുപ്പിയിലെ ചെറുമത്സ്യത്തെ നോക്കി വിഷമിച്ചിരിക്കുന്ന മിന്നി.)

അമ്മകാണാതെ റീനാമാത്യ്വിനെ ഞാൻ ഫോൺ ചെയ്തു. അവളാപറഞ്ഞത് കുപ്പിയിലെ വെള്ളം മാറ്റി വേറെ നൽകാൻ.

( മഗ്ഗിൽനിന്നും കുപ്പിയിലേക്ക് വെള്ളം പകരുന്ന മിന്നി. മത്സ്യം പുതുവെള്ളം കിട്ടുമ്പോൾ ഓടികളിക്കുന്നു.)

അപ്പൊ ഇവൾടെ സന്തോഷം ഒന്നുകാണണമായിരുന്നു. (മിന്നി ചിരിക്കുന്നു) പക്ഷെ കൂടെക്കൂടെ ഇവൾ വെള്ളം ചോദിയ്ക്കും. അപ്പൊ ഭാസിയൻകിൾ പറഞ്ഞു ഒത്തിരി വെള്ളമുള്ളടത്ത് കൊണ്ടു ചെന്നാക്കാൻ - ഭൂതകുളത്തിലാക്കാൻ.

(കുപ്പിയിൽനിന്നും മത്സ്യത്തെ കൂളത്തിലേക്കൊഴുക്കുന്ന മിന്നി.)

ആരും കാണാതെ എന്നും ഞാനിവളെ ഇവിടെ വന്നു കാണുമായിരുന്നു. ഞങൾ ഒരു പാടു നേരം വർത്തമാനം പറയും. ചിലപ്പൊ ഭാസിയങ്കിളും കൂടെ കാണും. ഞങളാ ഇവൾക്ക് മീനുവെന്ന് പേരിട്ടത്.

( പകൽ ക്വാറിയിലെ വെള്ളത്തിനരുകിൽ മീനുവും ഭാസിയും. വെള്ളത്തിലേക്ക് നീട്ടിയ മീനുവിന്റെ ചെറുകൈകളിൽ കയറിയിറങ്ങിപോകുന്ന മീനുവെന്ന ചെറു മത്സ്യം. ഭാസിയുടെ കുട്ടിത്തം നിറഞ്ഞ ചിരി.)

മീന്നി..നീ..കണ്ടില്ലെ…നിന്റെ പപ്പായും മമ്മിയുമൊക്കെ എത്ര ദു:ഖത്തിലാണെന്ന്. നിന്നെ നഷ്ടപ്പെട്ടപ്പൊ, അവരെത്രമാത്രം വിഷമിക്കുന്നുണ്ടെന്ന്.

മിന്നി : ഉം…അൻകിൽ കള്ളം പറയുവാ.. ഞാനില്ലാത്തത് കൊണ്ട് ഇപ്പൊ പപ്പ മമ്മിയെയായിരിക്കും പടിപ്പിക്കുന്നത്. പപ്പ കുടിച്ചിട്ടുണ്ടെങ്കിൽ വഴക്കായി കാണും. മമ്മി പറയും ( അവളുടെ മമ്മി പറയുന്നതിനെ അനുകരിച്ച് ചിരിക്കുന്നു.) നിങ്ങളന്നെ പടിപ്പിക്കണ്ട എനിക്കറിയാം എന്തു ചെയ്യണമെന്ന്. ഒന്നിനും സമ്മതിക്കില്ലെൻകിൽ ഈ ഭൂതകുളത്തിൽ ചാടി ഞാൻ മരിക്കും

(രാത്രി. കസേരയിലിരുന്ന് റ്റേബിളിൽ വച്ച് ഹോ വർക്ക് ചെയ്യുന്ന മിന്നി.  കസേരയിൽ നിന്നിറങ്ങി മറ്റൊരു മുറിക്ക് മുന്നിലെത്തുമ്പോൾ അവ്ളുടെ കാഴ്ചയിൽ എന്തൊക്കെയോ പറഞ്ഞ് വഴക്ക് കൂടുന്ന അവളുടെ പപ്പയും മമ്മിയും.)

മിന്നി : (കള്ളചിരി) മമ്മി ചാടും മുമ്പ് ഞാൻ ചാടി. മമ്മിയിവിടെ വന്നാലുണ്ടല്ലൊ.. എന്റെ മീനുവിനേയും കണ്ണുരുട്ടി പേടിപ്പിക്കും. ഭിത്തിയിൽ ടൈം റ്റേബിൾ വരച്ചിടും. പാട്ട്, ഡാൻസ്.. ഒ..എനിക്ക് ഓർക്കാൻ കൂടി വയ്യ.

രമേശ് : എന്നാലും നിന്റെ പപ്പയ്ക്ക് നിന്നെ ഒരു പാടിഷ്ടമായിരുന്നു

മിന്നി : എന്നെ ആർക്കും ഇഷ്ടമില്ല, പപ്പ, ഭാസിയൻകിൾ, സുധ റ്റീച്ചറ് ..എല്ലാവർക്കും എന്നോട് ദേഷ്യമാ..

( സ്കൂളിൾ കുട്ടികൾക്കിടയിൽ എഴുന്നേറ്റ് തൽകുനിച്ച് നിൽക്കുന്ന മിന്നി. അവൾക്ക് നേരെ വടിയോങ്ങി വഴക്കുപറയുന്ന റ്റീച്ചറിന്റെ ക്രൂരമായ മുഖം. ചുറ്റുമുള്ള കുട്ടികൾ ചിരിയ്ക്കുന്നു. രാത്രി, ഉറക്കം തൂങ്ങുന്ന മിന്നിയ്ക്കു മുമ്പിൽ പുസ്തകവുമായി അവളുടെ പപ്പ.)

എനിക്കു പപ്പായെ പേടിയാ..എന്നെ ഒരു ഡോക്ടറാക്കണമെന്ന പപ്പയുടെ ആഗ്രഹം. എനിക്ക് ഡോക്ടറാകണ്ട. എന്തിനാവെറുതെ സൂചികാണിച്ച് എല്ലാവരേയും പേടിപ്പിക്കുന്നത് ? ദേ അൻകിൾ എന്റെ ഈ ലോകം എത്ര നല്ലതാണ്… ഇവിടെ ആരുമില്ല ഞാനും മീനുവും മാത്രം. എവിടെ വേണമെൻകിലും പോകാം…എന്തെല്ലാം കാഴ്ചകൾ മീനുവെനിക്ക് കാട്ടി തന്നുവെന്നോ…

(വെള്ളത്തിനടിയിൽ നിശ്ചലമായി കിടക്കുന്ന മിന്നിയുടെ ശരീരം. അവൾക്കരുകിലൂടെ ഒഴുകിനടക്കുന്ന ഒരു ചെറു മത്സ്യം)

രമേശ്: ഭാസിയൻകിൾ നിന്റെ കൂട്ടുകാരനല്ലായിരുന്നോ..

മിന്നി : ഒരിക്കൽ ഭാസിയൻകിളിന്റെവിടുത്തെ കോമുവാന്റി പറഞ്ഞു. ഭാസിയന്കിളുമായുള്ള ചങ്ങാത്തം വേണ്ടെന്ന്. ആന്റിയില്ലാത്തപ്പോൾ വീട്ടിലേക്ക് ചെല്ലരുതെന്ന്. ഇപ്പോഴത്തെ കാലമല്ലെ ആരെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന്. എന്നെ തനിച്ച് പുറത്തുവിടുന്ന മമ്മിയേയും വഴക്കുപറഞ്ഞു.

മിന്നി.: എന്തോ എനിക്കറിയില്ല. ഞാനൊരു തെറ്റും ചെയ്തില്ല. ഞാൻ ഭാസിയൻകിളോട് ചോദിച്ചപ്പൊ, ഭാസിയൻകിൾ പറഞ്ഞു. ഈ ലോകം അങ്ങനെയാണെന്ന്. ആർക്കും ആരെയും വിശ്വാസമില്ലാത്ത ലോകമാണെന്ന്. കോമുവാന്റി ഏതോ പുസ്തകത്തിൽ വായിച്ചത്രെ കുട്ടികളെ അയലത്തേക്ക് പറഞ്ഞയയ്ക്കരുതെന്ന്. ഒടുവിൽ ഞാനും മീനുവും മാത്രമായി. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വന്ന് റ്റി,വി വച്ചതിനു മമ്മിയെന്നെ തല്ലി.

(വീട്ടിൽ റ്റി വി കണ്ടുകൊണ്ടിരിക്കുന്ന മീനു. റിമോൾട്ട് തട്ടിപറിച്ച് അവളെ അടിക്കാൻ ചെല്ലുന്ന അവളുടെ മമ്മി.)

ഡാൻസ് റ്റീച്ചർ എന്നെ കുറിച്ചെന്തോ പറഞ്ഞതിന്റെ ദേഷ്യമായിരുന്നു മമ്മിക്ക്. രത്രിയില് കിടന്ന് കരഞ്ഞപ്പോൾ മീനുവെന്നെ അവളുടെ ലോകത്തേക്ക് വിളിച്ചു . ഇങ്ങു പോരാൻ പറഞ്ഞു. ഞാൻ അവൾക്കരുകിലേക്ക് അവളെപോലെ നീന്തി വന്നു.

(നിശബ്ദമായ്യ് ഒരു രാത്രിയിൽ ക്വാറിയുടെ മുകളിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന മിന്നി മോൾ. )

സീൻ -8

രാത്രി. (ക്വാറി)

ക്വാറിയുടെ അരുകിലായ് കസേരയിലിരിക്കുന്ന രമേശ് കരഞ്ഞുകൊണ്ട് ഞെട്ടി എഴുന്നേൽക്കുന്നു. അയാൾ ആയിപ്പോടെ ചുറ്റും പകച്ച് നോക്കുന്നു . എല്ലാം പഴയതുപോലെ നിശബ്ദം. അയാൾ ക്വാറിയ്ക്കരുകിലെത്തി താഴെ വെള്ളത്തിലേക്ക് നോക്കി. അവിടെ എല്ലാത്തിനും ദ്യക്സാക്ഷിയായി നിൽക്കുന്ന പൂർണ്ണചന്ദ്രന്റെ പ്രതിബിംബം മാത്രം.


പകൽ. -10

ക്വാറി.

രാത്രി പെതുക്കെ പകലിനു വഴി മാറുമ്പോൾ മരണവിവരമറിഞ്ഞെത്തിയവരുടെ തിരക്കും ആകെ ബഹളവും.

ബോട്ടിൽ നിന്നും മിന്നിയുടെ മ്യതദേഹം കരയിലേക്കെടുക്കുന്ന പോലീസുകാർ.

കുറച്ചകലെയായി നൈറ്റ്ഡ്യൂട്ടി കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിൽക്കുന്ന രമേശനും സുദേവനും.

മിന്നിയുടെ ശരീരത്തിലെവിടെയോ ഒളിഞ്ഞിരുന്ന ഒരു ചെറുമത്സ്യം തറയിൽ വീണ് ശ്വാസം കിട്ടാതെ പിടയുന്നത് രമേശൻ മാത്രം കാണുന്നു.

Jan 4, 2011

കേരളസംസ്ഥാനഭാഗ്യക്കുറി.

സീൻ - 1
പകൽ
നഗരത്തിലെ ഒരു സർക്കാർ ആശുപത്രി. (എക്സ്റ്റേണൽ)
തുരുമ്പിച്ച പൊളിഞ്ഞുവീഴാറായ ഗേറ്റ്. ആശുപത്രിക്കു മുമ്പിലായി തുക്കിയിരിക്കുന്ന പെയിന്റ് ഇളകി വിക്യതമായ ‘’ സർക്കാർ ആശുപത്രി “ എന്നെഴുതിയ ബോർഡ്. വരാന്തയ്ക്കിരുവശവുമായി തിങ്ങികൂടി, കിടക്കുന്നതും ഇരിക്കുന്നതുമായ രോഗികൾ, അവർക്കിടയിലുടെ രോഗികൾക്കാവശ്യമായ സാധനങ്ങളുമായി ഓടിനടക്കുന്ന ആശുപത്രി ജീവനക്കാർ. ഒരുവശത്തായി ഒ പി യിലേക്കുള്ള നീണ്ട ക്യൂ.

വരാന്തയിലെ രോഗിക്കൾക്കിടയിലൂടെ സഞ്ചരിക്കുന്ന ക്യാമറ ഒരു റൂമിലേക്ക് തിരിയുന്നു.

സീൻ - 2
പകൽ
സർക്കാർ ആശുപത്രി. (ഇന്റീരിയൽ)
അവിടെ പുറംകാഴ്ചയിൽനിന്നും വിത്യസ്ത്മായി നിരത്തിയിട്ട ഇരുമ്പ്
കട്ടിലുകൾ കാണാം. ബെഡ്ഡ്കിട്ടാത്തവർ തറയിൽ അഭയം കണ്ടെത്തിയിരിക്കുന്നു.   തറയിൽ ഒരു ഒഴിഞ്ഞ കോണിലായി കിടക്കൂന്ന രോഗിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു.

ആയാൾ വ്യദ്ധനാണ്. കറുത്തുമെല്ലിച്ച രൂപം. വെളുത്ത താടിരോമങ്ങൾ അഴുക്കുപുരണ്ട് ജടപിടിച്ചിരിക്കുന്നു. തെളിഞ്ഞ വാരിയെല്ലുകൾ കഴിഞ്ഞുപോയ കഷ്ടതകളുടെ കണക്കുകൾ വ്യക്ത്മാക്കുന്നു. പകുതി തുറന്ന വായിലൂടെ ശ്വാസമെടുക്കുന്നത് വളരെ ബുദ്ധിമുട്ടിയാണ്.

ബെഡ്ഡിനരുകിലായി നിലക്കുന്ന വ്യദ്ധന്റെ ഭാര്യ  ( അവരുടെ രൂപവും ഭാവവും ജീവിതത്തിന്റെ ദൈന്യത നിഴലിക്കുന്നതാണ്.). തൊട്ടടുത്തൂള്ള രോഗിയുടെ ബന്ധു വെന്ന് തോന്നിക്കുന്ന മറ്റൊരു സ്ത്രീയുമായി കാര്യമായ ചർച്ചയിലാണ്.

അവിടേക്കുവരുന്ന ഒരു നെഴ്സ് വ്യദ്ധന്റെ ഭാര്യയോട്: ചേച്ചി ഭാഗ്യമുണ്ടെങ്കി ഇന്നൊരു ബെഡ്ഡ് കിട്ടും. ( റൂമിന്റെ മറ്റൊരു കോണിലേക്ക് വിരൽചൂണ്ടി ) ദേ ആ  തള്ളയിന്നു ഡിസ്ചാർജ്ജാകും.
സ്ത്രീ സന്തോഷത്തോടെയും വിനയത്തോടെയും തലയാട്ടുന്നു.



സീൻ - 2
പകൽ
ആശുപത്രി (ഇന്റീരിയൽ)
രോഗിയായ വ്യദ്ധന്റെ മുഖത്തേക്ക് ക്യാമറ ഫോക്കസ് ചെയ്യുന്നു. (പച്ചപ്പായിരുന്ന  ജീവിതത്തിന്റെ മുഖത്ത് വേദനയുടെ വേരുകൾ മാത്രം അവശേഷിക്കുന്നു.)
അടഞ്ഞകണ്ണുകൾക്കപ്പുറത്ത് മുഴങ്ങുന്ന വ്യദ്ധന്റെ ശബ്ദം:
ഞാൻ ഫിലിപ്പ്. അല്ല - ഭാഗ്യൻ, അതുമല്ലെങ്കിൽ തെണ്ടി , വായ് നോക്കി, കാലമാടൻപണമില്ലാത്തതുകൊണ്ടണോ എന്താണെന്നറിയില്ല ഫിലിപ്പോസ് താഴമുറ്റം എന്ന മുഴുവൻപേര് ആരും വിളിച്ചുകേട്ടിട്ടില്ല. ക്ഷമിക്കണം മരണകിടക്കയിലെങ്കിലും കള്ളം പറയരുതല്ലോ..അപ്പൻ ആദ്യം പള്ളിക്കുടത്തികൊണ്ടാക്കിയപ്പോ പേരു ചോദിച്ച  മേരി റ്റീച്ചർക്കും ഹാജർ നോക്കിയിരുന്ന മാഷൻമാർക്കും ശേഷം അരും ആ പേരു വിളിച്ചിട്ടില്ലെന്നുള്ളതാ ശരി. ദേ കുറച്ചുമുമ്പ് ഒരു പെങ്കൊച്ച് പറഞ്ഞേച്ച് പോയല്ലോ - ഭാഗ്യംഅതാണെനിക്ക് ഭാഗ്യൻ എന്ന വിളിപ്പേർ തന്നത്. ഒരു കാലത്ത് ആ പേരെനിക്കിഷ്ടമായിരുന്നു. ഭാഗ്യനിർഭാഗ്യങ്ങളുടെ നീണ്ട അറുപത്തിനാലുവർഷങ്ങൾ. ജീവിതം ഒരു ഞാണിന്മേൽകളിയാണ്. ഭാഗ്യനിർഭാഗ്യങ്ങളുടെ ഞാണിന്മേൽ കളി.
അദ്യം ഭാഗ്യം പരീക്ഷിക്കുന്നത് കൂനമ്പാട്ടെ ഉത്സവത്തിനാ

സീൻ - 3
രാത്രി
ഇരുട്ട്.
രാത്രിയുടെ അന്ത്യയാമത്തിലും പ്രകാശത്തിൽ കുളിച്ചുനിൽക്കുന്ന ഒരു ക്ഷേത്രം ആകലെ കുന്നിൻപുറത്തായി കാണാം.  അവിടെ ഉത്സവം നടക്കുന്നു. മൈക്കിലൂടെ മുഴങ്ങികേൾക്കുന്ന നാടകത്തിന്റെയോ മറ്റോ ശബ്ദം.

ദ്യശ്യങ്ങൾക്കൊപ്പം ഫിലിപ്പിന്റെ ശബ്ദം :  ഞാനന്ന് അഞ്ചിലോ ആറിലോ പടിക്കുന്ന സമയം. ഉത്സവം പെരുനാളൊന്നൊക്കെ പറയുന്നത് അന്നൊരു ഹരാരാത്രീല് അമ്പലമുറ്റത്ത് അമ്മേടെ മടീല് തലവച്ചുകിടന്നുറങ്ങുംഇടയ്ക്ക് ഞെട്ടിയുണരുമ്പോ ആദ്യം കാണുന്നാത് ആകാശത്ത് നക്ഷത്രങ്ങളായിരിക്കും. സ്റ്റേജില് പകുതിയായ നാടകമോ ബാലയോ മറ്റോ ഉണ്ടാകും. അപ്പോ അതുവരെ നടന്ന കഥ മുഴുവൻ അമ്മ പറഞ്ഞു തരും.

( രാത്രിയിൽ ക്ഷേത്രത്തിലെ സ്റ്റേജിൽ നാടകം അരങ്ങേറുന്നു.  സ്റ്റേജിനു മുമ്പിലായി തിങ്ങികൂടിയിരുന്ന് ശ്രദ്ധാപൂർവ്വം നാടകം കാണുന്ന ഗ്രാമവാസികൾ.  അതിനു നടുവിലായി അമ്മയുടെ മടിയിൽ തലവച്ചുറങ്ങുന്ന ഫിലിപ്പ്.)

ഫിലിപ്പിന്റെ ശബ്ദം :  ഒരിക്കൽ ഏതാണ്ട് പുലർച്ചെ മൂന്ന് മണിയായി കാണും അതുപോലൊരുറക്കത്തിൽ അമ്മ എന്നെ കുലുക്കി വിളിച്ചു.

സീൻ-3
രാത്രി
ക്ഷേത്രമൈതാനി.
മടിയിൽ കിടന്നുറങ്ങുന്ന ഫിലിപ്പിനെ അമ്മ കുലുക്കി വിളിക്കുന്നു: ഡാ ചെക്കാ .. എഴുന്നേക്കട.. ഈ ചെക്കന് ഇതിലും ഭേദം വീട്ടിൽ കിടന്നുറങ്ങിയാപോരെ..

ഉറക്ക ഷീണത്തില് കണ്ണുതിരുമ്മി എഴുന്നേൽക്കുന്ന ഫിലിപ്പ് ചുറ്റും പകച്ച് നോക്കുന്നു:  എനിക്കുറക്കം വരുന്നു.. 
ഫിലിപ്പിന്റെ അമ്മ : നീ പോയി അപ്പനെവിടാന്ന് നോക്ക് ..നമുക്ക് പോകാം.

ഫിലിപ്പിന്റെ ശബ്ദം : ഞാൻ ഉത്സവപറമ്പിലെല്ലാം അപ്പനെ തിരഞ്ഞ് നടന്നു.. പരിചയക്കാരോടൊക്കെ അന്വേഷിച്ച്..

(രത്രി ഉത്സവപറമ്പിലെ തിരക്കിനിടയിലൂടെ അപ്പനെ തിരഞ്ഞ് നടക്കുന്ന ഫിലിപ്പ്.
അമ്പലമതിലിൽ ചാരിയിരുന്ന് ഉറങ്ങുകയായിരുന്ന ഒരാളോട് അന്വേഷിക്കുന്ന വിദൂര ദ്യശ്യം.  അയാൾ അലക്ഷ്യമായി ദൂരേക്ക് വിരൽ ചൂണ്ടി എന്തോ പറയുന്നു.)

സീൻ - 4
രാത്രി
അമ്പലത്തിനോട് ചേർന്നു കിടക്കുന്ന വിശാലമായ ഉണങ്ങി വരണ്ട വയൽ.
വയലിനു നടുവിൽ അവിടവിടെയായി മുനിഞ്ഞു കത്തുന്ന വെളിച്ചം ഫിലിപ്പിന്റെ മുഖത്ത് ഭീതിയുണ്ടാക്കുന്നു. അവൻ വെളിച്ചത്തിനടുത്തേക്ക് ചെല്ലുമ്പോൾ വെളിച്ചം കത്തിച്ചുവച്ച്ല    മണ്ണെണ്ണവിളക്കുകളാണെന്നും  അതിനും  ചുറ്റും കൂടി നില്ക്കുന്നവർ കുലുക്കികുത്ത്കളിയിൽ ഏർപ്പെട്ടിരിക്കുകയാണെന്നും മനസ്സിലാക്കുന്നു . അവരുടെ അവേശം നിറഞ്ഞ ബഹളത്തിൽ അമ്പലത്തിൽ നിന്നുള്ള നാടകശബ്ദം മുങ്ങിപോകുന്നു.

സീൻ - 4
രാത്രി
വയൽ,ഇരുട്ട്.
ആളനക്കമില്ലാത്ത ആ സ്ഥലത്ത് ചീവിടുകളുടെ കരച്ചിൽ.
വയൽ വരമ്പിലേക്ക് തലചായ്ച് എന്തൊക്കെയോ പുലമ്പികൊണ്ട് കിടക്കുന്ന ഒരാൾ. അയാൾ നാന്നായി മദ്യപിച്ചിട്ടുണ്ട്.
ഫിലിപ്പ് അപ്പാ.. എന്ന വിളിയോടെ അടുത്തേക്കോടി ചെല്ലുന്നു.
ഫിലിപ്പിന്റെ അപ്പൻ : ( കുഴഞ്ഞ ശബ്ദത്തിൽ കരഞ്ഞുകൊണ്ട് ) എല്ലാം പോയി മോനെഎല്ലാം ആ കാലമാടന്മാർ കൊണ്ടുപോയിഞാനിനി എങ്ങനെ വീട്ടിലേക്ക് വരും..? എങ്ങനെ അവൾടെ മുഖത്ത് നോക്കും ? അരിമേടിക്കാൻ വച്ചിരുന്നപൈസ്സയാ..
പിലിപ്പ് കുലുക്കികുത്തുനടക്കുന്ന വെളിച്ചം നിറഞ്ഞ ഭാഗത്തേക്ക് നോക്കുന്നു.
.
സീൻ - 4
രാത്രി
കത്തിച്ചു വച്ച വിളക്കിനരുകിലെ കുലുക്കികുത്തിലേക്ക് നോക്കി നിൽക്കുന്ന ഫിലിപ്പിന്റെ മുഖം പ്രകാശിക്കുന്നു
ഫിലിപ്പിന്റെ ശബ്ധം : അതെനിക്കൊരു അദ്ഭുതമായിരുന്നു. വലിയ പണിയൊന്നുമില്ല. വെറും ഭാഗ്യപരീക്ഷണം. പത്തുവച്ചാ ഇരുപത്.. ഇരുപതുവച്ചാ നാൽപ്പത്.. അതങ്ങനെ കൂടികൊണ്ടിരിക്കും.  അമ്മച്ചി അനിയത്തിക്ക് ബലൂൺ വാങ്ങാൻ തന്ന അഞ്ചുരൂപയുണ്ട് കീശയില്. ബലൂൺ വാങ്ങികൊടുക്കാമെന്നുള്ള കരാറിലാണ് അവളെ വല്യമ്മച്ചിക്കൊപ്പമാക്കി ഉത്സവത്തിനു പോന്നത് . രണ്ടും കൽപ്പിച്ച് ആ ആഞ്ച് ഞാൻ കളത്തിൽ വച്ചു. (ചിരിക്കുന്നു) പിന്നൊരു കൊയ്ത്തായിരുന്നു.

( പാട്ടയിലെ കരുക്കൾ കുലുക്കി ഷീറ്റിലടിക്കുന്ന കുലുക്കികുത്തുകാരൻ. ഓരൊകുത്തിലും പിലിപ്പ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നു. പൈസ വാരി പോക്കറ്റിൽ നിറയ്ക്കുന്നു, കുത്തുകാരന്റെ മുഖം വിളറുന്നു. മറ്റുള്ളവർ  അദ്ഭുതത്തോടെ അവനെ നോക്കുന്നു.)

ഫിലിപ്പിന്റെ ശബ്ദം : തിരിച്ചുപോകുമ്പൊ.ഞാൻ അപ്പന്റെ തോളിലായിരുന്നു..പോക്കറ്റുനിറയെ കാശും കൈനിറയെ ബലൂണും

(ഇടവഴിയിലൂടെ ഫിലിപ്പിനെ തോളിലേറ്റി വേച്ച് വേച്ച് പോകുന്ന അപ്പൻ, തലേന്ന് കുടിച്ച് അയാളുടെ മദ്യം ഇറങ്ങിയിട്ടില്ല.  കൂടെ അവന്റെ അമ്മയുമുണ്ട്. ഫിലിപ്പിന്റെ കൈയ്യിൽ ബലൂൺ)
ഫിലിപ്പിന്റെ അപ്പൻ : ഇവൻ ഭാഗ്യമുള്ളോനാടീനീ നോക്കിക്കൊ ഇവൻ നമുക്ക് തുണയാകും..

സീൻ - 5
പകൽ
ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂൾ. ഓലമേഞ്ഞ അതിന്റെ സ്ഥിതി ദയനീയമാണ്
നാലാം ക്ലാസ്, കുട്ടികൾ ബഹളമുണ്ടാക്കുന്നു. ചിലർ അടിപിടികൂടുന്നു. പിലിപ്പിനേയും ആ കൂട്ടത്തിൽ കാണാം.
അദ്ധ്യാപകൻ ചൂരലുമായി പ്രവേശിക്കുന്നു. കുട്ടികൾ നിശബ്ദരാകുന്നു.
അദ്ധ്യാപകൻ ചോദ്യം ചോദിക്കുന്നു. ഉത്തരം പറയാതെ എഴുന്നേറ്റു നിൽക്കുന്ന  കൂട്ടത്തിൽ ഫിലിപ്പില്ല.

ഫിലിപ്പിന്റെ ശബ്ദം : മാഷ്ന്മാരുടെ അടീന്ന് രക്ഷപെടുമ്പോ കൂട്ടുകാർ പറയും..പിലിപ്പ് ബാഗ്യയമുള്ളോനാന്ന് ..പക്ഷെ ആ കൊല്ലം പരീക്ഷയ്ക്ക് തോറ്റു. തോൽക്കതെ പടിക്കണമെന്ന് അപ്പൻ നിർബ്ന്ധം പിടിച്ചപ്പോ പടിത്തവും നിർത്തി. അതുമാത്രമല്ല കേട്ടോ അരിമേടിക്കാൻ പൈസയില്ലാണ്ട് കുടീലെ ഭക്ഷണത്തിന്റെ നേരോം കാലവുമൊക്കെ തെറ്റാനും തുടങ്ങി.

സീൻ -6
പകൽ
ഓലമേഞ്ഞ ഒരു കുടിൽ. ചാണകം മെഴുകിയ വരാന്ത.
പ്രായം കൂടിയ ഒരു സ്ത്രീ ഇരുന്ന് മുറുക്കുന്നു. ആടുത്തായി ആക്രിക്കാരനു പുസ്തകങ്ങൾ തൂക്കി വിൽക്കുന്ന ഫിലിപ്പ്.

സ്ത്രീ : (പല്ലില്ലാത്ത മോണകാട്ടി ചിരിച്ചുകൊണ്ട്) ചെക്കനു പടിക്കാൻ ഭാഗ്യമില്ലെന്നു പറഞ്ഞാമതി..

സീൻ - 6 A
ഫിലിപ്പിന്റെ ശബ്ദം : ഏതാണ്ട് ആ സമയത്ത് തന്നെയാ ഇ ഏം ഏസ്സ് സാറ് ലോട്ടറീന്നു പറയുന്ന ഒരിടപാട് തുടങ്ങീത്.. പിന്നെ അപ്പൻ കൂലിപണിക്കു പോകുന്നത് നിർത്തി. പണിചെയ്യാണുള്ള പാങ്ങുമില്ലായിരുന്നു.  പക്ഷെ എനിക്കൊരു  പണിയായി. വർക്കിചേട്ടന്റെ ലോട്ടറിസൈക്കിളുവരുന്നതും കാത്തുനിൽക്കണം പത്രം നോക്കണം..
ഏടപാട് മോശമല്ലായിരുന്നു കേട്ടൊ..ആ സമ‌യത്ത് ആദ്യമായിട്ടാ വലിയ വലിയ നോട്ടുകളുകാണുന്നത്. കുറച്ചുകാശ് അധികം പോയാലും എല്ലാം പലിശയുൾപ്പടെ തിരിച്ചുകിട്ടും.

(കുടിലിന്റെ മുറ്റത്ത് ആരെയോ കാത്തെന്നവണ്ണം ഫിലിപ്പ്. സൈക്കിളിൽ വരുന്ന ലോട്ടറിവില്പന്ക്കാരൻ  ഇടവഴിയിലെത്തി ബെല്ലടിക്കുന്നു. വരാന്തയിലെ കയറുകട്ടിലിൽ കിടക്കുന്ന അവന്റെ അപ്പൻ കുരിശു വരയ്ക്കുന്നു.)

അന്നുമുതലാ ഭാഗ്യൻ എന്നപേരു കിട്ടിയത്..അതൊരു നല്ല കാലമായിരുന്നു . എന്തു ഭാഗ്യ പരീക്ഷണത്തിനും ഞാൻ വേണം. നറുക്കെടുപ്പ്, കല്യാണം. പിറന്നാള്, വീടുകേറിതാമസം, നിമിത്തം.. തിരക്കോടു തിരക്ക്

(ഗ്രാമത്തിലെ ഒരിടവഴിയിലൂടെ തലയുയർത്തിപിടിച്ച് നടക്കുന്ന ഫിലിപ്പ്. വഴി പോക്കർ  ആദരപൂർവ്വം കുശലാന്വേഷണം നടത്തുന്നു. ഒരോ ഇടവഴികൾ പിന്നിടുമ്പോഴും അവൻ വളരുന്നു. കൌമാരം യവ്വ്വനത്തിനു വഴിമാറികൊടുത്തപ്പോൾ ഫിലിപ്പ് ഒരു നല്ല  ചെറുപ്പക്കാരനായി മാറുന്നു.)

സീൻ -7
പകൽ
ഗ്രാമത്തിലൂടെ ഒഴുകുന്ന പുഴ.
പുഴയോട് ചേർന്നുള്ള കുളിക്കടവിൽ നിന്നു തുണികഴുകുന്ന ഒരു സ്ത്രീ . അൽപ്പം അകലെയായി ചൂണ്ടയിടുന്ന  ഫിലിപ്പിനെ അവൾ ഇടയ്ക്കിടെ നോക്കുന്നു. അവൾ നാണത്തോടെ ചിരിക്കുന്നു.

ഫിലിപ്പിന്റെ ശബ്ദം :  ലതിക .. അവൾ ആ ഗ്രാമത്തിലെ ചെറുപ്പക്കാരുടെ കിട്ടാകനിയായിരുന്നു. എല്ലാവരുടേയും ഉള്ളിൽ  അവൾ ഒരു പുഴയായി നിശബ്ദം ഒഴുകി. ഭാഗ്യവാനായ ഞാനുള്ളപ്പോൾ മറ്റാർക്കാണ് ആ പുഴയിൽ നീരാടാൻ ഭാഗ്ഗ്യമുള്ളത് .( നാണത്തോടെ ചിരിക്കുന്നു ) മരങ്ങാട്ടെ ഉണ്ണി  ആ രാസലീലയുടെ കഥകേട്ട് അസൂയയോടെ എന്നെ തല്ലിയില്ലന്നേയുള്ളു.

(പുഴയോട് ചേർന്നുള്ള കൈവരിയിൽ നിരന്നിരിക്കുന്ന ഫിലിപ്പും മൂന്നോ നാലോ സുഹത്തുക്കളും. അതിലൊരുവൻ ചിരിച്ചുകൊണ്ട് ഫിലിപ്പിനെ തല്ലാനായി ചെല്ലുന്നു: ഈ തെണ്ടീടെ ഒരു ഭാഗ്യം.
ഫിലിപ്പ് ചിരിച്ചുകൊണ്ട് അടികൊള്ളാതെ ഓടി രക്ഷപെടാൻ നോക്കുന്നു. കൂട്ടുകാർക്കിടയിലെ തമാശ.)

സീൻ -8
പകൽ
ഗ്രാമത്തിലെ ബാർബർഷാപ്പിനുൾവശം.
തൂക്കിയിട്ട ലോട്ടറിബോർഡിനുമുമ്പിലെ തിരക്ക്. അതിൽ ഫിലിപ്പിനേയും കാണാം.
കടക്കാരൻ ഏടുത്തുകൊടുക്കുന്ന ലോട്ടറി ടിക്കറ്റുകൾ പ്രതീക്ഷയോടെ ഭാഗ്യം ചുരണ്ടിനോക്കുന്നവർ.

വ്യദ്ധന്റെ ശബ്ദം : പക്ഷെ എപ്പോഴെന്നറിയില്ല എല്ലാം തകർന്നുതുടങ്ങിയത്. ഒരു പക്ഷെ ലതികയുടെ ശാപമായിരിക്കം, അല്ലെങ്കിൽ ഉണ്ണി പറഞ്ഞതുപോലെ കുറെ മനസ്സുകളുടെ നഷ്ടപെട്ട ആഗ്രഹങ്ങളുടെ ശാപമായിരിക്കം. ഇല്ല, ലോട്ടറി ഒരിക്കലും ചതിക്കുമെന്നു വിശ്വസിക്കൻ വയ്യ ( തൊണ്ടയിടറുന്നു). ഒരിക്കൽ അവൻ  ഭാഗ്യനെ തേടിയെത്തും. ( ഒന്നു നിർത്തി ) ബാർബർ സരസന്റെ കടയിൽ നിന്നും ചുരണ്ടുന്ന ലോട്ടറിയെടുത്ത് തിരിച്ചിറങ്ങുമ്പോഴാണ് കയ്യിൽ പണമില്ലെന്ന സത്യം തിരിച്ചറിയുന്നത്. അക്കാലത്ത് വേദനയിൽ നിന്നും മുക്തിനേടാനായി കുറേശ്ശെ മദ്യവും സേവിച്ചുതുടങ്ങിയിരുന്നു. കടം ചോദിക്കാൻ ആ നാട്ടിൽ ആരും ബാക്കിയുണ്ടായിരുന്നില്ല. ഭാഗ്യം നഷ്ടപെട്ടപ്പോ നാട്ടുകാരും കൈ വിട്ടു.

( ഗ്രാമത്തിലെ ഒരു ബാർബർഷാപ്പിൽനിന്നും പുറന്തള്ളപ്പെടുന്ന ഫിലിപ്പ്. മദ്യഷാപ്പിലേക്ക് കയറിപോകുന്ന ഫിലിപ്പ്. അവിടെ നിന്നും അയാൾ പുറത്താക്കപ്പെടുന്നു.)

സീൻ - 9
രാത്രി.
ഫിലിപ്പിന്റെ കുടിൽ( ഇന്റീരിയൽ)
മദ്യപിച്ച ലക്കുകെട്ട് ഫിലിപ്പ് വരാന്തയിൽ കിടക്കുന്നു. ( ഇപ്പോൾ അയാൾ വ്യദ്ധനായിട്ടുണ്ട്)
അകത്തുനിന്നും ഒരു സ്ത്രീയുടെ ശബ്ദം : കുടിച്ച് ബോധമില്ലാതെ കാലമാടൻ വന്നുകിടപ്പുണ്ട്. പിള്ളാർ കാലത്തിതുവരെ ഒരു വറ്റ് കഴിച്ചിട്ടില്ല. ഇനി ആരോടു ചോദിക്കാനാ.. എന്റെ ദൈവമേ..(സ്ത്രീ കരയുന്നു)  വലിയ ഭാഗ്യവാനല്ലേ. ആ മൂലേൽ ചാക്കിൽ കെട്ടിവച്ചിട്ടുണ്ട്, ഭാഗ്യം.. വിശക്കുമ്പോ ഏടുത്ത് പുഴുങ്ങിതിന്നാം,
(അകത്തുനിന്നും സ്ത്രീ പുറത്തേക്ക് വരുന്നു. ചാക്കിൽ കെട്ടിവച്ചിരുന്ന ലോട്ടറിടിക്കറ്റുകൾ ഫിലിപ്പിനു മുകളിലേക്ക് വലിച്ചെറിയുന്നു. അതവിടയാകെ വീണ് ചിതറുന്നു.) കിടക്കുന്ന കിടപ്പുകണ്ടില്ലേ. ചാവാനകൊണ്ട്… ( അവർ ഫിലിപ്പിനെ ചവിട്ടാനായി കാലുയർത്തുന്നു)

ഫിലിപ്പ് കിടന്നകിടപ്പിൽ ഒന്നു ഞരങ്ങുന്നു.

സീൻ - 10
പകൽ
ആശുപത്രി
ഫിലിപ്പ് ഇപ്പോൾ കട്ടിലിലാണ് കിടക്കുന്നത്.
ഫിലിപ്പിന്റെ ഭാര്യ അടുത്തകിടക്കയിലെ രോഗിയോടൊപ്പമുള്ള സ്ത്രീയോട് ചർച്ച തുടരുന്നു.
ഫിലിപ്പിന്റെ ശബ്ദം : ഒരിക്കൽ എന്തുചെയ്യണമെന്നറിയാതെ വീട്ടിലിരിക്കുമ്പോഴാ ദ്രവ്യന്റെ ഷാപ്പില് പുതിയ ലോട്ടറി വന്നിട്ടുണ്ടെന്നറിയുന്നത്. പെമ്പ്രന്നോരടെ ഡപ്പീന്ന് ഒള്ള ചില്ലറയും പേറുക്കി നേരെ ആങ്ങോട്ട് വച്ചുപിടിച്ചു.

(കൂടിൽ ഒരുമൂലയിൽ ബീഡിപുകച്ചിരിക്കുന്ന ഫിലിപ്പ്. പെട്ടെന്ന് എന്തോതീരുമാനിച്ചെന്നവണ്ണം ആടുക്കളയിൽ കയറി ഡെപ്പികളോക്കെ തുറന്നുനോക്കുന്നു.  അയാൾ എന്തോ ലക്ഷ്യത്തിലേക്കന്ന വണ്ണം ഇടവഴിയിലൂടെ വേഗത്തിൽ നടക്കുന്നു. ഷാപ്പിൽ നിന്നും മദ്യം വാങ്ങി ആർത്തിയോടെ കൂടിക്കുന്ന ഫിലിപ്പ്.

സീൻ -10 A
പകൽ
ആശുപത്രി (ഇന്റീരിയൽ)
ഫിലിപ്പ് കൈകൾകൊണ്ട് കഴുത്തിൽ മുറുകെപിടിക്കുന്നു. ഞരങ്ങുന്നു. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നു. ശ്വാസം കിട്ടാതെ കണ്ണുകൾ തുറിക്കുന്നു.

ഫിലിപ്പിന്റെ ശബ്ദം ( വളരെ പ്രയാസപ്പെട്ട് ): കുടിക്കുമ്പോ വീണ്ടും വീണ്ടും കുടിക്കാനുള്ള ആർത്തിയായിരുന്നു. ദാഹിച്ച് തോണ്ടവരളുന്നതുപോലെ.. ഒരിറ്റുവെള്ളത്തിനായി ദ്രവ്യനോട് കെഞ്ചി.

കിടക്കയിൽ കിടന്ന് ശൂന്യമായ റ്റേബിളിനുമുകളിൽ വെള്ളത്തിനായി പരതുന്ന ഫിലിപ്പിന്റെ കൈകൾ.

ഭാര്യുയുടെ ശബ്ദം അയാൾ കേൾക്കുന്നു.: കണ്ണ് പോയി വീട്ടീവന്നുകിടന്നാ നമ്മളെങ്ങനെ നോക്കും ശാന്തേ.. ഇവനൊക്കെ ചത്തുപോകുന്നതാ ഭാഗ്യം.. മരിക്കുന്നവരുടെ കുടുംബത്തിനു എട്ടുലക്ഷം രൂപയാ സർക്കാര് കൊടുക്കുന്നത്

ഫിലിപ്പ് ഒന്നു പിടഞ്ഞു . ടേബിളിനുമുകളിൽ പരതുകയായിരുന്ന  അയാളുടെ കൈ അവസാനശ്വാസത്തിനായി ശ്രമിച്ച് നിശ്ചലമായി.
ഭാര്യയുടെ നിലവിളി അവിടെയാകെ മുഴങ്ങി