Aug 30, 2010

മണലാരണ്യത്തിലെ മണിമുഴക്കങൾ

സീൻ - 1

പകൽ

ഗൾഫ്

നീണ്ട് നിവർന്നുകിടക്കുന്ന മരുഭൂമിയിൽ നിന്നാരംഭിക്കുന്ന ക്യാമറ ഗൾഫിന്റെ വിവിധ ദൃശ്യങ്ങൾ ഒപ്പിയെടുത്ത് ക്യാബ്ബിനുകൾ നിരത്തിവച്ച മലയടിവാരത്തിലെ ഒരു ക്യാമ്പിൽ അവസാനിക്കുന്നു.

(മദോന്മത്തയായ മരുഭൂമി, ഈടയ്ക്ക് അവളുടെ കാവൽ ഭടന്മാരെപോലെ തലയുയർത്തി നിൽക്കുന്ന ഒട്ടകങൾ, അംംബരചുംബികളായ കെട്ടിടങ്ങൾക്കിടയിലൂടെ ചീറിപായുന്ന വിലകൂടിയ വാഹനങ്ങൾ, നിരനിരയായി ഈന്തപ്പനകൾ, പൊള്ളുന്ന വെയിലിൽ ഓവർകോട്ടും ഹെല്മറ്റും ധരിച്ച് കൺസ്ട്രക്ഷൻ പണിയിൽ ഏർപ്പെട്ടിരിക്കുന്നവർ, അതിൽ ഒരാൾ ബോട്ടിലിലെ വെള്ളം കുടിച്ച് ബാക്കി തലയിലേക്ക് കമഴ്ത്തുന്നു, വൻ പാറമലകൾക്കിടയിലെ ക്രഷർ യൂണിറ്റുകളും അതിൽ പ്ണിയെടുക്കുന്നവരും അവിടെ ഉയർന്നുപൊങ്ങുന്ന പൊടിയിൽ അവ്യക്തമാകുന്നു, അടുത്തായി ക്യാബിനുകൾ നിരത്തിവച്ച ലേബർ ക്യാമ്പുകൾ.)
സീൻ -2

പകൽ

ലേബർ ക്യാമ്പിലെ ഒരു മുറിയ്ക്കുൾവശം.

ഇരുണ്ട വെളിച്ചം.

ഏസിയുടെ മൂളൽ.

ചെറിയ മുറിയുടെ ഇരുവശങളിലായി നാല് അടുക്കുകൾ വീതമുള്ള എട്ടുകട്ടിലുകൾ. അതിൽ ചിലർ മൂടിപുതച്ച് കിടന്നുറങ്ങുന്നുണ്ട്. മുറിയുടെ സൗകര്യം പരമാവധി ഉപയോഗപ്പെടുത്തി അടുക്കിവച്ചിരിക്കുന്ന തുണികളും മറ്റു സാധനങ്ങളും.

പെട്ടെന്ന് പശ്ചാത്തലത്തിൽ അമ്പലത്തിലെന്നപോലെ മണിമുഴങ്ങുന്നു !

ശബ്ദത്തിന്റെ അസഹ്യതയിൽ കട്ടിലിൽ മൂടിപുതച്ചുകിടന്നവരിൽ ഒരാൾ ഒന്നു ഞരങ്ങി. ശബ്ദം നീണ്ടുപോയപ്പോൾ അയാൾ പുതച്ചിരുന്ന ബ്ളാങ്കെറ്റിനുള്ളിലൂടെ ശബ്ബ്ദം കേട്ട ഭാഗത്തേക്ക് നോക്കി.

അയാളുടെ കാഴ്ചയിൽ മുറിയുടെ ഒരു മൂലയിൽ ഭിത്തിയിൽ പതിച്ച ദൈവങ്ങളുടെ ഫോട്ടോയ്ക്കു മുന്നിലായി ഈറനുടുത്ത് ഒരു പൂജാരിയേപോലെ അയാളുടെ സുഹൃത്ത് - മുൻഷി.

(പുതപ്പിനടിയിൽ നിന്നുള്ള വികലമായ കാഴ്ച)

ഒരുകയ്യിലെ മണി കിലുകികൊണ്ട് മറുകയ്യിലെ ചന്ദനത്തിരി ഫോട്ടേയ്ക്കുമുന്നിൽ വട്ടം വരയ്ക്കുന്നു. കൃഷ്ണനും ക്രിസ്തുവും മുസ്ലീം പള്ളിയും ചേർന്ന ചിത്രമാണ് ഫോട്ടോയിൽ. ഫോട്ടോയുടെ മുമ്പിലെ കളർ ലൈറ്റുകൾ അയാളുടെ മുഖത്ത് പല ഭാവങ്ങൾ സൃഷ്ടിച്ചു.

ചന്ദനത്തിരിയും മണിയും ഫോട്ടോയ്ക്കു മുന്നിലായി ഒതുക്കിവച്ച് മുൻഷി കുറച്ചുനേരം പ്രാർതഥന നിരതാനായി കൈകൂപ്പിനിന്നു.

മുൻഷി കിടക്കയിൽ വന്നിരുന്നു

പുതപ്പിനടിയിലുള്ള ആൾ മുൻഷിയുടെ ചലനങ്ങൾക്കനുസരിച്ച് കാഴ്ച് വ്യക്തമാക്കി .

മുൻഷിയുടെ കണ്ണുകൾ നിറഞ്ഞോഴുകുന്നു. അയാൾ കുറച്ചുനേരം കൈകളിൽ തലചായ്ച്ച് എല്ലാം നഷ്ടപെട്ടവനെപോലെ ഇരുന്നു.

പിന്നീട് പെതുക്കെ തലയണയ്കടിയിൽ നിന്നും നാലായി മടക്കിയ ഒരു പേപ്പർ എടുത്ത് നിവർത്തി അതിലേക്ക് നോക്കിയിരുന്നു.

പെട്ടെന്ന് ആയാളുടെ മുഖം ദേഷഷ്യത്താൽ വലിഞ്ഞുമുറുകി. കയ്യിലിരുന്ന പേപ്പർ പലകഷണങ്ങളായി വലിച്ചുകീറി അടുത്തിരുന്ന വേസ്റ്റ്ബോക്ക്സിലേക്കെറിഞ്ഞു. എഴുന്നേറ്റ് തീരുമാനമെടുക്കാനാവാത്തവ്നെ പോലെ മുറിയിൽ രണ്ടുചാൽ നടന്ന് കതകുകൾ വലിച്ച് തുറന്ന് പുറത്തേക്കുപോയി.



സീൻ - 2 A

പകൽ

ലേബർക്യാമ്പിലെ മുറിയ്ക്കുൾവശം

അരണ്ടവെളിച്ചം

ബ്ലാങ്കറ്റിനുള്ളിൽ ഉണ്ടായിരുന്ന അൾ തല പുറത്തേയ്ക്കിട്ടു. അയാളുടെ മുകൾ ബെഡ്ഡിലുണ്ടായിരുന്ന ആളെ ഉണർത്താൻ ശ്രമിച്ചു.: "ദേ.. അച്ചായ ഒന്നെഴുന്നേറ്റേ...അച്ചായൻ ഇവിടെ നടക്കുന്നതുവല്ലതും ആറിയുന്നുണ്ടോ..?"

മുകൾനിലയിലുണ്ടയിരുന്ന അച്ചായൻ ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ അസഹ്യതയിൽ ഒന്നുരുണ്ട് മറിഞ്ഞു.: "എന്ത് കണ്ടോന്ന്.."

താഴെയുണ്ടായിരുന്ന ആൾ : "അച്ചായൻ എഴുന്നേറ്റേ.. എന്നിട്ടുപറയാം..."

അച്ചായൻ : "എന്റെ കബീറേ.... വെള്ളീയാഴ്ചയായിട്ട് ഒന്നുറങ്ങാനും സമ്മതിക്കില്ലേ..?"

കബീർ എഴുന്നേറ്റ് ലൈറ്റിടുന്നു.

വെളിച്ചത്തിന്റെ അസഹ്യതയിൽ മുഖം ചുളിച്ച് കിടക്കയിലിരിക്കുന്ന പ്രവാസത്തിന്റെ പരാധീനതകൾ ഏറ്റുവാങ്ങിയ പ്രായംചെന്ന അച്ചായൻ.

അച്ചായൻ : "എന്തു പറ്റി..?"

കബീർ വേസ്റ്റുബോക്സിൽ എന്തോ പരതുന്നു: നമ്മുടെ മുൻഷിബായ്ക്കെന്തോ സംഭവിച്ചിട്ടുണ്ട്.. ഒന്നുരണ്ട് ദിവസമായി തുടങിയിട്ട്...

കബീർ നാല്പ്പത്തിയഞ്ച് വയസ്സോളം പ്രായം വരുന്ന ആളാണ്.

അച്ചായൻ കിടക്കയിൽ നിന്നും താഴേക്കിറങ്ങുന്നു.

കബീർ വേസ്റ്റുബോക്സിൽ നിന്നെടുത്ത പേപ്പർ കഷണങ്ങൾ കട്ടിലിനടുത്തായുള്ള റ്റേബിളിനുമുക്ളിൽ നിരത്തിവച്ച് യോജിപ്പിക്കാൻ ശ്രമിക്കുന്നു. അടുത്തായിരിക്കുന്ന അച്ചായൻ സഹായിക്കുന്നു.

അച്ചായൻ : "മുൻഷിടെ പെമ്പ്രന്നോരുടെ കത്താ...വായിക്കണോ..?"

കബീർ : "ഒന്നും തുറന്നുപറയാത്ത റ്റൈപ്പാ.. അങ്ങേർ..എന്തെങ്കിലും കടുംകൈ ചെയ്താ..

കൂട്ടിയോജിപ്പിച്ച പേപ്പർ കഷണങൾ.."

പശ്ചാത്തലത്തിൽ ഒരു സ്ത്രീയുടെ ശബ്ദം:

"എന്റെ പ്രീയപ്പെട്ട മുൻഷിയേട്ടനു, എനിക്ക് എന്ത് തീരുമാനമെടുക്കണമെന്നറിയില്ല. ചേട്ടൻ എത്രയും പെട്ടെന്നുവരണം. നമ്മുടെ മീനുമോൾടെ കാര്യമാണ്.

ഇല്ലെങ്കിൽ അവളെ നമുക്ക്....(കരയുന്ന ശബ്ദം). പ്രശനം ഇപ്പോൾ നാട്ടുകാരേറ്റെടുത്തിരിക്കുകയാണ്. ലൗജിഹാദെന്നോ മറ്റോ പറയുന്നത്..കല്യാണം കഴിച്ച് കൊടുത്തില്ലെങ്കിൽ അവൾ സുൾഫിക്കറിനൊപ്പം ഒളിച്ചോടുമെന്നാണ് പറയുന്നത്..പയ്യനെ കുറിച്ച് ഞാനന്വേഷിച്ചു. അവൾടെ അതേ കോളേജിലാ അവനും പടിക്കുന്നത്. തിരൂരാ അവന്റെ വീട്.. നിങ്ങളറിയൂന്ന് അറിയില്ല എതിരംകോട്ടെ ഹുസൈൻ സാഹിബ്.. ആ ബന്ധത്തിലുള്ളതാ..അവന്റെ അച്ചൻ ഗൾഫിലാ...കബീർന്നോ മറ്റോ പേരു..."

കബീർ തൽകുനിച്ച് കൈകൾ നെറ്റിയിൽ തിരുമ്മി, അയാളുടെ മുഖം ഏസിയിലും വിയർത്തു. മേശപ്പുറത്തിരുന്ന പേപ്പർ കഷണങ്ങൾ ചുരുട്ടികൂട്ടി വേസ്റ്റുബോക്സിലേക്കെറിഞ്ഞു..

അച്ചായന്റെ നിസ്സഹായത നറഞ്ഞ മുഖം

കബീർ എഴുന്നേറ്റ് കൈകൾ കൂട്ടിതിർമ്മി രണ്ടുചാൽ നടന്നു. ആ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി.

കബീർ: "കള്ള നായിന്റെ മോൻ.. അവനെ ഇതിനാണോ..കോളേജിലയച്ച് പഠിപ്പിക്കുന്നതെന്നറിയണം..."

അച്ചായന്റെ മുഖത്ത് ചെറുചിരി...പിന്നീടതിനു വലുപ്പം വയ്ക്കുകയും പൊട്ടിച്ചിരിയായി മുറികുള്ളിൽ മുഴങുകയും ചെയ്യുന്നു.

ശുഭം.

Aug 16, 2010

മിസ്ഡ് കോൾ

സീൻ - 1
പകൽ
മണിമാളികയെന്ന് തോന്നിക്കുന്ന ഒരു വീടിന്റെ മുറിക്കുൾവശം.
ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന മുറി. ആരോ വലിച്ചെറിഞ്ഞതു പോലെ തകർന്നുകിടക്കുന്ന സാധനങ്ങൾ - പൊട്ടിയ ബെഡ് ലാംബ്, മൊബൈൽ, ചിതറികിടക്കുന്ന തുണികൾ, കീറിയിട്ടിരിക്കുന്ന പേപ്പറുകൾ.
റൂമിനു നടുവിലായുള്ള കിടക്കയിൽ കൂനികൂടി കാല്മുട്ടുകളിൽ തലചായ്ച്ച് കുനിഞ്ഞിരിക്കുന്ന ഒരു പെൺകുട്ടി-പ്രീയ.
ചിതറികിടക്കുന്ന മുടിയാൽ മുഖം വ്യക്തമല്ല. അവൾ കരയുന്നുണ്ട്.
മുറിക്കുപുറത്തായി ഒരുപാടുപേർ ഒത്തുകൂടിയതിന്റെ ബഹളം കേൾക്കാം. ജനാലയ്ക്കപ്പുറത്തുനിന്ന് ചിലർ എത്തിനോക്കുന്നു. ചിലർ അകത്തേക്ക് നോക്കികൊണ്ട് നടന്നു പോകുന്നു. (മുറിയ്ക്കുള്ളിൽനിന്നുള്ള കാഴ്ച)
പ്രീയ അതേയിരുപ്പ് തന്നെ.
പുറത്ത് അടക്കിപ്പിടിച്ച സംസാരം പ്രീയയുടെ ചെവിയിൽ.
ഒരു സ്ത്രീ : എപ്പൊഴായിരുന്നു തുടക്കം...?
മറ്റൊരു സ്ത്രീ : (ആശ്ചര്യത്തോടെ ) രാത്രിൽ..!!
ആദ്യം കേട്ട സ്ത്രീയുടെ ശബ്ദം : വല്ല പ്രേതമോ മറ്റോ കൂടിയതാണോ..: ?
ഒരു ചെറിയകുട്ടി ജനലിലൂടെ എത്തിനോക്കി വിളിക്കുന്നു : പ്രീയാന്റി...പ്രീയാന്റി..
പ്രീയ തലവെട്ടിച്ച് ദേഷ്യത്തിൽ നോക്കുന്നു.
കുട്ടി പേടിച്ച് ഓടിപോകുന്നു.
പ്രീയയൂടെ ഓർമ്മകളിലേക്കെന്നവണ്ണം ദൃശ്യം അവ്യക്തമാകുന്നു.

സീൻ -2
പകൽ (പ്രീയയുടെ ഓർമ്മ)
കുന്നിൻമുകളിലെ കോളേജിൽനിന്നാരംഭിച്ച് ഹൈവേയിലേക്ക് പതിക്കുന്ന റോഡ്.
കോളേജ് വിട്ട് ജംഗ്ഷൻ ലക്ഷ്യമാക്കി നടക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും.
റോഡിനൊരുവശത്തുകൂടി തമാശകൾ പറഞ്ഞ് ചിരിച്ചുകൊണ്ട് നടക്കുന്ന നാല് പെൺകുട്ടികൾ. കൂട്ടത്തിൽ പ്രീയയേയും കാണാം.
മിഡിയും ടോപ്പുമിട്ട ഒരുകൊച്ചു പെൺകുട്ടിയേപോലെതോന്നിക്കുന്ന അവൾ ഒരു മിണ്ടാപൂച്ചയെ പോലെ സംസാരത്തിനു വെറുതെ ചെവികൊടുത്ത് നടക്കുന്നു.
ഒരുവൾ : ഈ നാശം പിടിച്ച സമരം. ഇനി വീട്ടിൽ ചെന്നിട്ട് എന്തു ചെയ്യാനാ... ഇന്നു മുഴുവൻ ബോറായിരിക്കും.
മറ്റൊരുവൾ : പാർവ്വതിയെ കണ്ട്പഠിക്ക്...അവൾ ബോറഡിമാറ്റാൻ അവളുടെ ആളെ വിളിച്ചിട്ടുണ്ട്.
പാർവ്വതി : (ഗൗരവത്തിൽ ) എടി മണ്ടി ആദ്യത്തെ സമരം പ്രേമിക്കുന്നവർക്കു വേണ്ടിയായിരുന്നു. അറിയാമോ?
എല്ലാവരും ചിരിക്കുന്നു.
പാർവ്വതി : ( അതുവരേയും ഒന്നുപറയാതിരുന്ന കുട്ടിയെ നോക്കി) പിന്നേ... പ്രീയയ്ക്ക് പേടിക്കാനില്ല. അച്ചൻമുതലാളി ഇപ്പൊവരും സീലോയില്...ഒരു പത്തിരുപത് മുത്തശ്ശിമാരും അവരുടെമക്കളും ചെറുമക്കളുമൊക്കെയുള്ള ഒരു വലിയ കോളേജിലേക്ക് കൊണ്ടുപോകാൻ.
എല്ലാവരും ചിരിക്കുന്നു. അടക്കിപ്പിടിച്ച് ചിരിക്കുന്ന പ്രീയയുടെ മുഖം.

സീൻ - 3
പകൽ
പ്രീയയുടെ മുറി.
കിടക്കയിൽ കുനിഞ്ഞിരിക്കുകയായിരുന്ന പ്രീയ പെതുക്കെ എഴുന്നേൽക്കൂന്നു.
ജനാലയ്ക്കപ്പുറത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ബന്ധക്കാരുടെ ആകാംഷ.
ജനാലയ്ക്കരുകിലായി കുപ്പിയിലിരുന്ന വെള്ളം ആർത്തിയോടെ കുടിക്കുന്ന പ്രീയ.
ജനാലയ്ക്കപ്പുറത്ത് ഒരു സ്ത്രീയുടെ ശബ്ദം : ഉം...ദാഹമൊക്കെയുണ്ട്.
പുരുഷശബ്ദം: നോർമലായീന്ന് തോനുന്നു.
സ്ത്രീ: ഒന്നു തുറന്നു നോക്കിയാലോ ..:
പുരുഷശബ്ദം : വേണ്ട അവിടെകിടന്നു പഠിക്കട്ടെ. അമ്മായിയമ്മയെ കൊല്ലാൻ ശ്രമിച്ചവളല്ലേ..!!
പ്രീയ വെള്ളം കുടിച്ച് കിടക്കയിൽ കയറി അതേയിരുപ്പ് തുടരുന്നു..

സീൻ - 4
പകൽ (പ്രീയയുടെ ഓർമ്മ)
കല്യാണമണ്ഡപം
കൊട്ടും കുരവയും ചേർന്ന കല്യാണമേളം.
മണ്ഡപത്തിൽ പ്രീയയും അപ്പുറത്തായി ഒരു ചെറുപ്പക്കാരനും. ചെറുപ്പക്കാരൻ പ്രീയയുടെ ക്ഴുത്തിൽ താലിചാർത്തുന്നു.
ചുറ്റും കൂടിനിൽക്കുന്നവർ പൂക്കൾ വർഷിക്കുന്നു.
രംഗം പകർത്താനായി ക്യാമറമാൻമാരുടെ ബഹളം.

സീൻ - 5
പകൽ (പ്രീയയൂടെ ഓർമ്മ)
ഒരു മണിമാളികയുടെ മുറ്റം.
വധൂവരന്മാരായ പ്രീയയേയും അപ്പുവിന്റേയും വീടുകയറൽചടങ്ങ്.
കത്തിച്ചുപിടിച്ച വിളക്കുമായി ഒരമ്മ. മറ്റൊരു പെൺകുട്ടി കിണ്ടിയും വെള്ളവുമായി പിറകെ.
ചുറ്റും ചെറുചിരിയുമായി രംഗത്തിനുസാക്ഷിയാകുന്നവർ.
വീട്ടിന്റെപടിക്കലേയ്ക്ക് വയ്ക്കപ്പെടുന്ന പ്രീയയുടെ വലതുകാൽ.

സീൻ-6
വൈകുന്നേരം (ചെറുതായി ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട് )
പ്രീയയുടെ മുറി.
കിടക്കയിൽ കൂനികൂടി കുനിഞിരിക്കുന്ന പ്രീയ.

സീൻ-7
പകൽ
പ്രീയയുടെ മുറി. (പ്രീയയുടെ ഓർമ്മ)
മുറി നാന്നായി അലങ്കരിച്ചിരിക്കുന്നു. സാധനസാമഗ്രികളെല്ലാം കൃത്ത്യമായി അടുക്കിവച്ചിരിക്കുന്നു.
കിടക്കയിലിരിക്കുന്ന അക്ഷമനായി അപ്പു.
മേശമേലിരുന്ന മൊബൈലെടുത്ത് അതിന്റെ ബട്ടണുകളിൽ അമർത്തി ട്യൂൺ കേൾപ്പിക്കുന്ന അപ്പൂ. മൊബൈൽ ചെവിയിൽ വച്ച് ആരോ വിളിച്ചതുപോലെ അഭിനയിക്കുന്നു.
ആപ്പു : ഹലോ...ങാ..പ്രീയയോ..? ഉണ്ട് വിളിക്കാം..ശരി... ( പുറത്തേക്ക് നോക്കിവിളിക്കുന്നു.) പ്രീയേ ഇതാ..ഫോൺ...
തിടുക്കപ്പെട്ട് മുറിയിലേക്ക് വരുന്ന പ്രീയ. എന്തോ പണിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന മുഖം
പ്രീയ : എവിടേ..?
പ്രീയ മുറിയിലേക്ക് കയറുമ്പോൾ അപ്പു എഴുന്നേറ്റ് വാതിൽ ചാരുന്നു.
അപ്പു: (ചിരിച്ചു കൊണ്ട് അടക്കിയ സ്വരത്തിൽ വതിലിൽ ചാരിനിന്നുകൊണ്ട്) നീ എവിടെ പോയികിടക്കുന്നു. എനിക്കിനി രണ്ട് ദിവസം കൂടിയേ ലീവുള്ളു എന്ന് നിനക്ക് വല്ല വിചാരവുമുണ്ടോ..?
പ്രീയ : (കാര്യമാക്കാതെ ഗൗർവം നടിക്കുന്നു. ) അതിനു ഞാൻ പറഞ്ഞോ ഒരു മാസത്തേക്ക് ലീവെടുത്ത് കല്യാണം ക്ഴിക്കാൻ..?
അപ്പു : പ്രീയയുടെ തോളിൽ പിടിച്ചുകൊണ്ട് ) എന്തുചെയ്യാം പൊന്നേ..നിന്നെക്കൂടി കൊണ്ടുപോകണമെന്നുണ്ട്.. പക്ഷെ വയ്യാത്ത അമ്മയെ തനിച്ചാക്കി...
അപ്പുവിന്റെ മാറിലേക്ക് ചായുന്ന പ്രീയ.
പശ്ചാത്തലത്തിൽ അപ്പുവിന്റെ അമ്മയുടെ ശബ്ദം : ആരാ മോളെ.
പ്രീയ: (അപ്പുവിൽനിന്നകന്നുമാറി) മിസ്ഡ്കോളാമ്മേ....
അവർക്ക് പുറകിലായി ചുവന്ന മഷിയിൽ തീയതികൾ അടയാൾപ്പെടുത്തിയ കലണ്ടർ വ്യക്തമാകുന്നു.

സീൻ - 8
രാത്രി
പ്രീയയുടെ മുറി.
ഇരുട്ട്.
ജനലിലൂടെ ആരോ അകത്തേക്ക് പായിക്കുന്ന ടോർച്ചിന്റെ വെളിച്ചം മുറിയിൽ ഭയാനകത സൃഷ്ടിക്കുന്നു. കിടക്കയിൽ കുനിഞ്ഞിരിക്കുന്ന പ്രീയയുടെ ദേഹത്ത് പതിയുന്ന പ്രകാശം. (മുറിയിൽ നിന്നുള്ള കാഴ്ച്.)

സീൻ -9
രാത്രി
പ്രീയയുടെ മുറി. ഇരുട്ട്.
കിടക്കയിൽ വ്യക്തമല്ലാത്ത പ്രീയയുടേയും അപ്പുവിന്റേയും രൂപം.
പ്രീയയുടെ തേങ്ങൽ.
അപ്പു : ( ദീനമായ സ്വരത്തിൽ ) എന്താ ചെയ്ക മോളെ...? നീ വരണ്ട എയർപോർട്ടിലേക്ക്.. എനിക്ക്... ഭ്രാന്ത് പിടിക്കും.

സീൻ - 10
രാത്രി.
പ്രീയയുടെ മുറി. ഇരുട്ട്.
ജനാലയ്ക്കപ്പുറത്തെ അരണ്ട വെളിച്ചത്തിൽ നാല് നിഴൽരുപങ്ങൾ.
ഒരാൾ : (അടക്കിയ സ്വരത്തിൽ ) ഉറങ്ങിയെന്ന് തോനുന്നു..
മറ്റൊരാൾ : എങ്ങനെയാ ലൈറ്റൊന്നിടുക ..?
സ്ത്രീ :വേണ്ട. അവിടെകിടക്കട്ടെ ഒരുമ്പെട്ടവൾ..എന്താ ഉണ്ടായീന്ന് നീ അറിഞ്ഞൊ ? അമ്മായി രാത്രീല് മരണവെപ്രാളമെടുത്തിട്ട് നെഞ്ചൊന്ന് തിരുമ്മികൊടുക്കാൻ പറഞ്ഞപ്പോ അവൾ പറയുവാ... എനിക്കുവയ്യാ... ചാവുന്നെങ്കിൽ ചാവട്ടേന്ന്.
ഒരാൾ : അതേയോ..?
വീടിനു പുറത്ത് വണ്ടിവന്നുനിൽക്കുന്ന ശബ്ദം
ഒരാൾ : ദേ അപ്പു വന്നു..
കിടക്കുയായിരുന്ന പ്രീയ ചാടിയെഴുന്നേൽക്കുന്നു.
ലൈറ്റിടാതെതന്നെ അലങ്കോലപെട്ടുകിടന്ന സാധനങ്ങളെല്ലാം വേഗത്തിൽ ഒരുക്കിവയ്ക്കുന്ന പ്രീയ.
കതകിന്റെ പൂട്ടുകൾ തുറക്കപ്പെടുന്ന ശബ്ധം.
മുറിയ്ക്കുള്ളിലെ സ്വിച്ച് ഓൺ ചെയ്യുന്ന അപ്പുവിന്റെ കൈകൾ.
ഗൾഫിൽ നിന്നും വന്ന വേഷത്തിൽ അപ്പു. മുഖത്ത് പരിഭ്രമം.
പ്രീയ ഓടിവന്ന് അപ്പുവിനെ കെട്ടിപിടിക്കുന്നു.
പുറകിൽ തുറന്നിട്ടവാതിലിനു മുൻപിൽ അകത്തെന്താണ് സംഭവിക്കുന്നതെന്നറിയാനുള്ളവരുടെ തിരക്ക്.
അപ്പു : പ്രീയെ.. നിനക്കെന്തു പറ്റി..?
പ്രീയ : ( കരഞ്ഞുകൊണ്ട് ) എനിക്കൊന്നുമില്ല അപ്പേട്ട. എവരെല്ലാവരും കൂടി എന്നെ ഭ്രാന്തിയാക്കുവാ. (അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കി നാണിച്ച് ചിരിച്ചു കൊണ്ട്.) ഒന്നുമില്ല. വെറുതെ... ഒരു മിസ്ഡ് കോൾ.
കെട്ടിപിടിച്ച് പൊട്ടിചിരിക്കുന്ന അപ്പുവും പ്രീയയും.
(പ്രീയയ്ക്ക് ഭ്രാന്തായിരുന്നുവോ അതോ അഭിനയമായിരുന്നുവോ എന്നത് വായനക്കാർക്ക് വിട്ടുതരുന്നു.)
ശുഭം.

Aug 6, 2010

ക്ലൈമാക്സ്

സീൻ-1
രാത്രി
തിരക്കഥാകൃത്തിന്റെ മുറി.
ഒരു മുറിയും അതിനോടൂ ചേർന്നുള്ള ബാതറൂമും മാത്രമേയുള്ളു.
പെയിന്റ് ഇളകിതുടങ്ങിയ ഭിത്തിയും പൊളിഞ്ഞ ഫർണ്ണീച്ചറുകളും ഒരു പഴയ ലോഡ്ജ് മുറിയെ ഓർമ്മപ്പെടുത്തുന്നു. അലമാരയിൽ നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങൾ. റ്റേബിളിനു മുകളിലായി ഒരു ഫ്ളാക്സും അതിനടുത്തായി ഗ്ലാസും. പകുതി എഴുതിവച്ച പേപ്പർ ഫാനിന്റെ വേഗതയ്ക്കൊത്ത് ഇളകിയാടുന്നു.
തിരക്കഥാകൃത്ത് തീരുമാനിക്കാനാകാത്ത കഥാഗതിയിൽ ഭ്രാന്ത് പിടിച്ച് ഓടിനടക്കുന്നു.
അകലെയെവിടെയോ കോഴി കൂകുന്നതിന്റെ ശ്ബദം.
തിരക്ക്ഥാകൃത്ത് കസേരയിലിരിക്കുകയും പേപ്പറിൽ എന്തോ കുത്തികുറിക്കുകയും ചെയ്യുന്നു. പെട്ടെന്ന് അനുവദിക്കപ്പെട്ട സമയം അറിയിച്ചു കൊണ്ട് മൊബൈലിൽ അലാറത്തിന്റെ ഒച്ച. അയാൾ ഞെട്ടുന്നു.

സീൻ -2
പ്രഭാതം (ഇരുട്ട് മാറിയിട്ടില്ല.)
ഹൈവേയോട് ചേർന്നുള്ള ബസ് സ്റ്റോപ്പ്.
ചെറുതായി മഴ പെയ്യുന്നുണ്ട്.
കടയുടെ ഓരത്തായി ബസ്സ് കാത്തുനിൽക്കുന്ന തിരക്കഥാകൃത്ത്. മഴ നനയാതിരിക്കാനായി തലയിൽ ഒരു തൂവാല നിവർത്തിയിട്ടുണ്ട്.
ഇടയ്ക്ക് ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു.
അല്പ്പം അകലെയായി അന്നത്തേക്കുള്ള വിതരണത്തിനായി പത്രക്കെട്ടുകൾ തയ്യാറാക്കുന്നവരെ കാണാം.

സീൻ -3
പകൽ
ഓടികൊണ്ടിരിക്കുന്ന ട്രെയിനുൾവശം
സാമാന്യം തിരക്കുണ്ട്. സീറ്റിൽ മറ്റൊരാളുടെ പുറത്തേക്ക് ചാരിയിരുന്ന് ഉറങ്ങുന്ന തിരക്കഥാകൃത്ത്. വായ് തുറന്നിരിക്കുന്നു.
എതിർവ്ശത്തായുള്ള സീറ്റിൽ ഇരിക്കുന്ന കുട്ടി റബ്ബർ ബാൻഡ് വലിച്ചുനീട്ടി കളിക്കുന്നു.
പെട്ടെന്ന് കയ്യിൽ നിന്നും തെറിച്ചുപോകുന്ന റബ്ബർ തിരക്കഥാകൃത്തിന്റെ വായിലേക്ക്. അയാൾ ഞെട്ടിയുണരുന്നു.
കുട്ടി പൊട്ടിച്ചിരിക്കുന്നു.

സീൻ - 4
പകൽ
പണിനടന്നുകൊണ്ടിരിക്കുന്ന ഒരു ഇരുനില വീടിനു മുൻവശം.
ഗേറ്റ് കടന്നു അകത്തേക്ക് കയറുന്ന തിരക്കഥാകൃത്ത്.
മുറ്റത്ത് ഒരു വശത്തായി തടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന് കുറച്ച് പേർ. വേഗത്തിലുള്ള പണി. ആകെ ബഹളം.
തിരക്ക്ഥാകൃത്ത് (തടിപ്പണിക്കാരിൽ ഒരാളോട് ) : ഡയറക്ടർ സേതു സാർ...
അയാൾ പണിനിർത്താതെ തല കൊണ്ട് ദൂരേക്ക് ആംഗ്യം കാണിക്കുന്നു.
ഷർട്ട് ഇടാത്ത ലുങ്കി മാത്രം ഉടുത്ത നീളം കുറഞ്ഞ ഒരു മനുഷ്യൻ കുറച്ചകലെയായി നിന്നുഫോൺ ചെയ്യുന്നത് തിരക്കഥാകൃത്തിന്റെ കാഴ്ചയിൽ. ഒരു കയ്യ് അഴിയാറായ ലുങ്കിയിൽ.
തിരക്ക്ഥാകൃത്ത് സംവിധായകൻ കാണത്തക്കവിധം അയാളുടെ മുൻപിലേക്ക് കയറി നിൽക്കുന്നു.
സംവിധായകൻ : (ഫോണിലൂടെ) അതെ നമുക്ക് ഒരുമിച്ച് നിൽക്കാം, ഓ.. ശരി... പൂരിപക്ഷം നമുക്കായിരിക്കും
സംസാരത്തിൽ നിന്നും സംഘടനയാണു സംസാരവിഷയം എന്ന് മനസ്സിലാകുന്നു.
ഇടയ്ക്ക് ഫോൺ മാറ്റിപിടിച്ച് ചോദ്യഭാവത്തിൽ തിരക്കഥാകൃത്തിനെ നോക്കുന്നു.
തിരക്ക്ഥാകൃത്ത് : സാർ ഞാൻ വിളിച്ചിരുന്നു. തിരക്കഥാകൃത്ത് കുണ്ടളത്താഴം
സംവിധായകൻ ഫോണിലെ സംസാരം തുടർന്നുകൊണ്ട് പുറകെ വരാൻ ആംഗ്യം കാണിക്കുന്നു.
സംവിധായകൻ : (ഫോണിലൂടെ )അതെ..ഞാൻ തീർച്ചയായും പിന്താങ്ങും . അവരുടെ കളി ഇനിയും സമ്മതിച്ച് കൊടുക്കരുത്...ഓ.. അങ്ങനെയെങ്കിൽ അവനൊക്കെ തീയറ്ററും പൂട്ടി വീട്ടിലിരിക്ക്ട്ടെ...അതെ.. ശരി.
സംസാരത്തിനിടയിൽ മുറ്റത്തുനിന്നും കുറച്ച് പറമ്പിലേക്കും പിന്നീട് വീടിനു ചുറ്റും വലം വച്ച് മുറ്റത്ത് തന്നെ എത്തുകയും ചെയ്യുന്നു.
സംവിധായകൻ : ( തടിപ്പണിക്കാരുടെ ബഹളത്തിൽ അസഹ്യതയോടെ ) ഓ..ശരി. ഞാൻ പിന്നെ വിളിക്കാം ..(ചിരിച്ചുകൊണ്ട് ) ഓ.. ഒരു തിരക്കഥാകൃത്ത് വന്നിട്ടുണ്ട്. ഏതെങ്കിലും പ്രൊഡ്യൂസർ വന്നു വീണാൽ ചെയ്യാം..ഓക്കെ.. ശരി..ശരി.. (ഫോൺ ഓഫ് ചെയ്ത് തിരക്കഥാകൃത്തിനോട് ) നമുക്ക് മുകളിൽ പോയിരിക്കാം അവിടെ കുറച്ച് ശാന്തത കിട്ടും.

സീൻ - 4 A
പകൽ
പണിനടന്നു കൊണ്ടിരിക്കുന്ന ഇരുനില വീടിനുൾവശം
രണ്ടാമത്തെ നിലയിൽ ബാൽക്കണിയോട് ചേർന്ന് രണ്ട് കസേരകളിലായി സംവിധായകനും തിരക്ക്ഥാകൃത്തും.
കുട്ടിയിട്ടിരിക്കുന്ന ചുടുകട്ടയ്ക്ക്പ്പുറത്തായി ഒരാൾ (വാശിയോടെ) ശംബ്ദം ഉണ്ടാക്കികൊണ്ട് ടൈൽസ് മുറിക്കുന്നു.
ശംബ്ദത്തിനൊപ്പം ആവേശത്തോടെ ക്ഥ പറയുന്ന തിരക്കഥാകൃത്ത്. കൂടെ വേഗതയേറിയ പശ്ചാത്തലസംഗീതം.
സംവിധായകൻ ധ്യാനത്തിലെന്നപോലെ കണ്ണടച്ചിരിക്കുന്നു.
കഥയുടെ ആവേശത്തിൽ ഇടയ്ക്ക് തിരക്കഥാകൃത്ത് എഴുന്നേറ്റ് ബാൽക്കണിയിൽ നിന്നുആകാശത്തേക്ക് കയ്യുയർത്തുമ്പോൾ താഴെ തടിപ്പണിക്കാർ വെറുതെയിരിക്കുന്നതു കാണം.
കഥ പറഞ്ഞവസാനിപ്പിച്ച് സംവിധായകന്റെ മുഖത്തേക്ക് നോക്കുന്ന തിരക്കഥാകൃത്ത്.
ടൈൽസ് മുറിച്ച് കഴിഞ്ഞതിന്റേയും പശ്ചാത്തലസംഗീതം അവസാനിച്ചതിന്റേയും നിശബ്ദത.
സംവിധായകൻ: (നെറ്റിയിൽ കൈ വയ്ക്കുന്നു )തലവേദനയെടുക്കുന്നു. കഥ പറയുമ്പോൾ ഇത്രയൊന്നും പറയണ്ട കാര്യമില്ല. ത്രഡ് മാത്രം പറഞ്ഞാൽ മതി. ( കുറച്ചു നേരത്തെ നിശബ്ദ്തയ്ക്ക് ശേഷം ) ശരി ഞാൻ വിളിക്കാം.
തിരക്കഥാകൃത്ത് : സാർ സാറിന്റെ അഭിപ്രായം.
സംവിദായകൻ : എനിക്ക് ശരിയാവില്ല. മറ്റാരെയെങ്കിലും കാണിക്കൂ...
രണ്ടാമത്തെ നിലയിൽ നിന്നും പടികളിറങ്ങുന്ന തിരക്കഥാകൃത്ത്.

സീൻ -5
പകൽ
നഗരത്തിലെ ഒരു വില കൂടിയ ഫ്ലാറ്റിനുൾവശം.
ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ പ്രതീക്ഷയോടെ കഥ പറയാനായിരിക്കുന്ന തിരക്കഥാകൃത്തുക്കൾ. ബുദ്ധിജീവികളെന്നു തോന്നിക്കുന്നവരും സാധാരണക്കാരുമായി പലതരക്കാർ. ചിലർ ഉറക്കം തൂങ്ങുന്നു.
ഒരൊറ്റത്തായുള്ള കസേരയിൽ തിരക്കഥാകൃത്ത് കുണ്ടളത്താഴം. ഊഴം പ്രതീക്ഷിച്ചിരിക്കുന്ന അയാളുടെ നോട്ടം അടുത്തായുള്ള വാതിലിലേക്കാണ്. പെട്ടെന്ന് ആ വാതിൽ തുറക്കുകയും അകത്തുനിന്നും ഒരു താടിക്കാരനെ രണ്ടുപേർ ചേർന്ന് ബലമായി പിടിച്ചുകൊണ്ട് വരികയും ചെയ്യുന്നു. അയാൾ കുതറാൻ ശ്രമിക്കുന്നുണ്ട്.
താടിക്കാരൻ : ഇവിറടെയാരും കഥ പറയരുത്.... ഇവന്മാർ പറ്റിക്കും..പാലക്കാട്ട് വച്ച് ഞാൻ പറഞ്ഞ കഥയാ ഇപ്പൊ ഇവിടെ ഓടുന്നത്...
അയാളെ പുറത്തേക്ക് കൊണ്ട് പോകുമ്പോൾ മറ്റൊരാൾ വാതിൽക്കലെത്തി കയ്യിലുള്ള പേപ്പർ നോക്കി പേരുവിളിക്കുന്നു. : കുണ്ടളത്താഴം...

സീൻ - 5 A
പകൽ
ഫ്ലാറ്റിനുൾവശം . മറ്റൊരുമുറി.
മുറിയുടെ വശങ്ങളിലായി ഇട്ട റ്റേബിളിനു പിന്നിലെ കസേരകളിൽ കഥ കേൾക്കാനിരിക്കുന്ന സിനിമാലോകത്തെ പ്രമുഖർ.
തിരക്കഥാകൃത്ത് കുണ്ടളത്താഴത്തിനെതിരായി കഥ കേൾക്കാനായിരിക്കുന്ന രണ്ട് സ്ത്രീകൾ. വിലപിടിപ്പുള്ള വേഷ്ഭൂഷാദികളിൽ മുങിയിരിക്കുന്ന അവർ പഴയകാല നടികളെ ഓർമ്മിപ്പിക്കുന്നു.
തിരക്കഥാകൃത്ത് ഒന്നു തൊഴുത് കഥ ആരംഭിക്കുന്നു.
വേഗതയേറിയ പശ്ചാത്തല സംഗ്ഗീതത്തിനനുസരിച്ച് ആവേശത്തോടെയുള്ള ആംഗ്യവിക്ഷേപങ്ങൾ.
സ്തീകളിലൊരാൾ കർച്ചീഫ് കൊണ്ട് മുഖം തുടയ്ക്കുന്നു : ( അവിടെ സഹായത്തിനായി നിൽക്കുന്ന ആളോട് ) ഇവിടെ ഏസി വർക്ക് ചെയ്യുന്നില്ലേ ..? എന്ത് ചൂടാണിത് ..! അവർ എഴുന്നേറ്റ് പോകുന്നു.
തിരക്കഥാകൃത്ത് കഥ പറയുന്നത് നിർത്തി കഥ തുടരണോ വേണ്ടയോ ഏന്നഭാവത്തിൽ കൂടെയുള്ള സ്ത്രീയെ നോക്കുന്നു.
അവർ തുടരാൻ ആംഗ്യം കാണിക്കുന്നു. തിരക്കഥാകൃത്ത് കഥ തുടരുമ്പോൾ സംഗീതവും തുടരുന്നു.
ഏഴുന്നേറ്റ് പോയ സ്ത്രീ വന്നിരിക്കുപോൾ കൂടെയുള്ള സ്ത്രീക്ക് ഫോൺ വരുന്നു. അവരും ഏഴുന്നേറ്റ് പോകുന്നു.
തിരക്കഥകൃത്ത് കഥ പറച്ചിൽ പകുതിക്ക് അവസാനിപ്പിച്ച് സ്ത്രീയുടെ മുഖത്ത് നോക്കാതെ തലകുമ്പിട്ട് എഴുന്നേൽക്കുന്നു. പെട്ടെന്ന് നിലച്ച സംഗീതം.

സീൻ - 6
പ്രഭാതം
നഗരത്തിലെ ഒരു ഫ്ളാറ്റിനു മുൻവശം
പാർക്കിംഗിലെ വണ്ടിയിലേക്ക് കയറാനായി വേഗത്തിൽ ദൃതിപിടിച്ച് പോകുന്ന മറ്റൊരു സംവിധായകനും സഹായിയും. സഹായിയുടെ കയ്യിൽ ബാഗ്.
അവിടെക്ക് ഓടിവരുന്ന തിരക്കഥാകൃത്ത് കുണ്ടളത്തഴം.
സംവിധായകൻ : (തിരക്കഥാകൃത്തിനെ കണ്ട് ) ആ താനോ .. ഇന്നു വരാൻ പറഞ്ഞിരുന്നു . അല്ലേ ..? പെട്ടെന്ന് ഷൂട്ടിംഗ് പ്ളാൻ മാറ്റേണ്ടി വന്നു. മമ്മൂക്ക ഇന്നലെ തിരിച്ചെത്തി. ( ഒന്നാലോചിച്ച് ) താൻ ഒരു കാര്യം ചെയ്യ്. എന്നോടൊപ്പം ലൊക്കേഷനിലേക്ക് പോരു.. ഇത്രയും ദൂരം വന്നതല്ലേ... തിരിച്ച് പോകണ്ട..

സീൻ - 6 A
പകൽ
നഗരത്തിന്റെ തിരക്കിലൂടെ ചീറിപ്പായുന്ന സംവിധായകന്റെ വാഹനത്തിനുൾവശം.
സംവിദായകൻ ഫോണിലാണ്.
തിരക്കഥകൃത്ത് വിലകൂടിയ വാഹനത്തിൽ കയറിയതിന്റേയും പ്രശസ്ഥനായ ഒരു സംവിധായകനൊപ്പം യാത്ര ചെയ്യുന്നതിന്റേയും അങ്കലാപ്പിൽ.

സീൻ 6 B
പകൽ
ഷൂട്ടിംഗ് ലൊക്കേഷൻ.
റ്റേബിളിനഭിമുഖമായുള്ള കസേരയിൽ സംവിദായകനും തിരക്കഥാകൃത്തും. പുറകിലായി ഷൂട്ടിംഗിനായുള്ള തയ്യറെടുപ്പുകൾ നടക്കുന്നതായി കാണാം.
വേഗതയേറിയ സംഗീതം. തിരക്കഥാകൃത്ത് കഥ പറയുന്നു. സംഗീതം ആരംഭിക്കുന്നു.
സംവിദായകൻ കുനിഞ്ഞ് ധ്യാനത്തിലെന്ന പോലെ ..
സംഗീതവും കഥ പറച്ചിലും അവസാനിക്കുമ്പോൾ സംവിധായകൻ തലയുയർത്തുന്നു.
സംവിധായകൻ : കഥ കൊള്ളാം. ഭാഗ്യം വിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങൾ. പക്ഷെ ക്ലൈമാക്സ് പോരാ...ഏക്കില്ല.
തിരക്കഥകൃത്ത് : മാറ്റം വരുത്തം സാർ.
സംവിദായകൻ : അതുപോലെ ഭര്യാ ഭർത്തക്കന്മാർ തമ്മിലുള്ള പൃശനങ്ങൾ കുറച്ച് കൂടി സങ്കീർണ്ണമാകണം. യൂ.. നോ.. ഒരു സ്ത്രി ദേഷ്യം വന്നാൽ എങ്ങ്നെയായിരിക്കും പ്രതികരിക്കുകയെന്ന്..
തിരക്കഥകൃത്ത്: മാറ്റം വരുത്താം സാർ ...
സവിധായകൻ : ഈയടുത്തയി ഞാനൊരു നോവൽ വായിക്കുകയുണ്ടായി. അതിന്റെ ക്ളൈമാക്സിൽ കൊലയാളിലെ കണ്ടെത്തുന്നത് ഒരു സിഗരറ്റ് ലൈറ്ററിൽ നിന്നാണ്. കൊലനടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ആ ലൈറ്ററിന്റെ പൃത്യേകത അവസാനം വരേയും ആരും ശ്രദ്ധിച്ചില്ല. അത് ചുരുട്ട് മാത്രം വലിക്കാൻ മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. ആ കഥയിലെ ചുരുട്ട് വലിക്കുന്ന ആൾ തന്നെയായിരുന്നു കൊലയാളിയും. ( ഒന്നു നിർത്തി ) അതുപോലയെന്തെങ്കിലും പ്രത്യേകത..ഒരു സ്ത്രീ കൊന്നു എന്നതിനു തെളിവായി..
അവിടേക്ക് വരുന്ന സഹ സംവിധായകൻ : സാർ മമ്മൂക്കയെത്തി.
സവിധായകൻ ദൃതിയിൽ എഴുന്നേൽക്കുന്നു. ( തിരക്കഥകൃത്തിനോട് ) താൻ ഒരു കാര്യം ചെയ്യ് അടുത്ത പതിനഞ്ചാം തീയതി . വീട്ടിലേക്ക് വാ.. ഞാൻ ഫ്രീയായിരിക്കും , ഓക്കെ.
തിരക്ക്ഥാകൃത്ത് : ( ആത്മവിശ്വാസത്തോടെ എഴുന്നേൽക്കുന്ന തിരക്കഥാകൃത്ത് ) ശരി സാർ..

സീൻ - 7
പകൽ
ഇരുനില വീടിന്റെ മുറ്റം
അവിടേക്ക് കയറിചെല്ലുന്ന തിരക്കഥാകൃത്ത്.
കോളിംഗ് ബെല്ല് അടിക്കാൻ തുടങ്ങുകയും പിന്നീട് അകത്തുനിന്നും ഉച്ചത്തിലുള്ള ശ്ബ്ദം ശൃദ്ധിക്കുകയും ചെയ്യുന്നു.
അകത്തുനിന്നും ഒരു സ്ത്രീ ശബ്ദം : എനിക്കറിയാം..നിങ്ങൾക്ക് എന്താ അവളുമായി ഇടപാടെന്ന്. എന്നെ പറ്റിക്കാൻ നോക്കണ്ട.
പുരുഷ ശബ്ദം : ( സംവിധായകന്റേത് ) എന്റെ പൊന്നേ നീ പറയുന്നതു മനസ്സിലാക്കു.. അത്തരത്തിലുള്ള ഒരു ബന്ധവും എനിക്ക് അവരുമായില്ല. അവരെന്റെ സിനിമായിലെ സ്ഥിരം ക്യാരക്ടറാണ്.
സ്ത്രീ ശബ്ദം : ക്യാരക്ടറൊക്കെ ലൊക്കേഷനിൽ മതി...മുറിയിലല്ല. ഞാനും കുറച്ച് സിനിമ കണ്ടിട്ടുള്ളതാ...ഈ ലോകത്തുള്ള സകലമാന പത്രക്കാരും വീക്കിലിക്കരും എഴുതിയിട്ടും നിങ്ങൾക്ക് മതിയായില്ലേ..?
സംവിധായകൻ : എന്തു കഷ്ടമാണിത്.. ലൊക്കേഷനിലെ കഷ്ട്പ്പാടും ബുദ്ധിമുട്ടും കഴിഞ്ഞ് വരുമ്പോൾ ...
സ്ത്രീ ശബ്ദം :അതേ.. എല്ലാവർക്കും വേണ്ടത് അഭിനയമാണ്. അതിനാണല്ലോ നടിയെ തന്നെ കല്യാണം കഴിക്കുന്നത്.. ( കരച്ചിൽ )
സംവിദായകൻ : എന്റെ റീജാ...നീ...
സ്ത്രീ ശബ്ദം : തൊട്ടുപോകരുതന്നെ...
തിരക്കഥകൃത്തിനരുകിലേക്ക് വന്നു വീഴുന്ന ഒരു ടോർച്ച് ...
തിരക്കഥാകൃത്ത് തിരിഞ്ഞ് നടക്കുമ്പോൾ അലിഞ്ഞില്ലാതാകുന്ന സ്ത്രീ ശബ്ദം : ഞാൻ മക്കളോട് വിളിച്ചു പറയുന്നുണ്ട് അച്ചന്റെ തനി ഗുണം.
സീൻ - 8
പകൽ
ഗ്രാമത്തിലേതെന്ന് തോന്നിക്കുന്ന ഒരു പ്രാരാബ്ദം ചായക്കട.
കടയ്കുള്ളിലെ ബെഞ്ചിലിരുന്ന് ചായകുടിക്കുന്ന തിരക്കഥാകൃത്ത്.
എവിടെയോ ദൂരയാത്ര ക്ഴിഞ്ഞ് വന്നതിന്റെ ഷീണം മുഖത്തും വസ്ത്രത്തിലും കാണാം.
ഒഴിഞ്ഞ കണ്ണാടിപെട്ടിക്ക് മുകളിലായി ഒരു റേഡിയോ കഷ്ട്പ്പെട്ട് പ്രവർത്തിക്കുന്നു. അടുത്തായുള്ള കസേരയിൽ ചായക്കടക്കാരൻ റേഡിയോയിലെ പഴയ ചലച്ചിത്രഗാനം കേട്ട് ബീഡി ആഞ്ഞ് വലിക്കുന്നു.
റേഡിയോ ചലച്ചിത്രഗാനത്തിൽ നിന്നും ന്യൂസിലേക്ക് വഴി മാറുന്നു.
റേഡിയോന്യൂസ് :പ്രശസ്ത സവിധായകൻ ഡോക്ടർ ആഞ്ചലോസ് സിനിമാലോകത്തോട് വിടപറഞ്ഞു.
തിരക്കഥാകൃത്തിന്റെ കയ്യിൽ നിന്നും ഗ്ലാസ് വഴുതിപ്പോകുന്നു.
ന്യൂസ് തുടരുന്നു : ഹോട്ടൽ മുറിയിലെ കുളിമുറിയിൽ ഇരുകൈകളിലേയും ഞരമ്പുകൾ മുറിക്കപ്പെട്ടനിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്. മരിക്കും മുമ്പ് നന്നായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. കൂടുതൽ വിവരങ്ങളുമായി..
എല്ലാ പ്രതീക്ഷകളും അസ്തമിച്ചവനെപ്പോലെ തലയ്ക്കു കൈ താങ്ങിയിരിക്കുന്ന തിരക്കഥാകൃത്ത്.

സീൻ - 8
പകൽ
നഗരത്തിലെ ഒരു പ്രധാന ഫ്ലാറ്റിലെ മുറി.
കസേരയിലിരുന്ന് ബീയർ നുണയുന്ന ഒരു സ്ത്രീ.
എതിരായുള്ള ശോഫയിൽ തിരക്കഥാകൃത്ത് കുണ്ടളത്താഴം അക്ഷമയോടെ.
സ്ത്രീക്ക് മുൻപിലായുള്ള റ്റീഫോയ്ക്ക് മുകളിൽ ബീയർ കുപ്പികൾ, സിഗരറ്റ് ബോക്സ്, ആഷ്ട്രെ. ആഷ്ട്രേയിൽ പകുതികത്തിതീർന്ന സിഗരറ്റ് പുകയുന്നു.
തിരക്കഥകൃത്ത് : മാഡം എന്തിനാണ് എന്നെ വിളിച്ചതെന്ന് പറഞ്ഞില്ല.
സ്ത്രീ : വിളിച്ച്ത് പറയാം... താങ്കൾ ഒരു റൈറ്റർ ആയിട്ട്... ഒരു ബീയർ പോലും കുടിച്ചില്ല.
തിരക്കഥാകൃത്ത് : കഴിക്കാറുണ്ട് പക്ഷെ സ്ത്രീകളോടൊപ്പം തുടങ്ങിയിട്ടില്ല.
സ്ത്രീ : ഉം... ശരി ..ആഞ്ചലേട്ടന്റെ വലിയ ആഗ്രഹമായിരുന്നു താങ്കളുടെ തിരക്കഥ..ക്ലൈമാക്സ് എന്ന സിനിമയെ കുറിച്ച് എപ്പോഴും പറയുമായിരുന്നു. ആ ആഗ്രഹം എനിക്ക് നിറവേറ്റണമെന്നുണ്ട്. താങ്കൾ എന്നെ സഹായിക്കണം.
തിരക്കഥകൃത്ത് : സാറിന്റെ മരണത്തോടെ ആ വർക്ക് ഞാൻ ഉപേക്ഷിച്ചു.
സ്ത്രീ : എന്ത് ..
തിരക്ക്ഥാകൃത്ത് : അതെ. തീരുമാനിക്കാനാകാത്ത ക്ലൈമാക്സായിരുന്നു ഞാൻ ഫെയ്സ് ചെയ്ത പ്രോബ്ളം .. പക്ഷെ ക്ലൈമാക്സ് കണ്ടെത്തിയപ്പഴേക്കും വൈകിപ്പോയിരുന്നു.
സ്ത്രീ : എന്തായിരുന്നു തങ്കൾ ക്ണ്ടെത്തിയ ക്ലൈമാക്സ് ...?
തിരക്കഥകൃത്ത് : നായകന്റെ മരണം ഒരു സ്ത്രീയുടെ വാക്കുകൾ കൊണ്ടുള്ള മുറിവേറ്റായിരുന്നു.
സ്ത്രീ : വാക്ക് ....
തിരക്കഥാകൃത്ത് : അതെ. കേട്ടിട്ടില്ലെ...ചില വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയേറുമെന്ന്...പക്ഷെ എന്തുചെയ്യാം ആ ആയുധം ഒരു മരണകാരണമായി നമ്മുടെ നിയമം അംഗീകരിക്കുന്നില്ല.
സ്ത്രീയുടെ വികൃതമായ മുഖം.
തിരക്കഥാകൃത്ത് പോകാനായി എഴുന്നേൽക്കുന്നു. പോകും മുമ്പ് തിരിഞ്ഞുനിന്ന്: അംഗീകരിച്ചിരുന്നുവെങ്കിൽ ആ നല്ല മനുഷ്യന്റെ ആത്മാവിൽ ചവിട്ടി വിണ്ടും വേദനിപ്പിക്കാൻ നിങ്ങളിവിടെ ഉണ്ടാകുമായിരുന്നില്ല.
സ്ത്രീ : നിങ്ങൾ എന്താണീ പറയുന്നത്..
തിരക്കഥാകൃത്ത്: അതെ...നിങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിനുത്തരവാദി. മരിക്കും മുമ്പ്, നിങ്ങൾ ഡൈവോഴ്സ് നോട്ടീസയച്ച അന്ന് രാത്രി അദ്ദേഹം എന്നെ വിളിച്ചു -ഒരു ക്ലൈമാക്സ് പറയാൻ, സ്വസ്ഥത കിട്ടാത്ത ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം. നിങ്ങൾ സ്വപ്ന്ം കാണുന്ന ലോകം വളരെ ചെറുതാണ്. ഇനിയുള്ളകാലം രാമനാമം ചൊല്ലൂ..വരും തലമുറയെങ്കിലും ആ ശാപം ഏറ്റുവാങ്ങാതിരിക്കട്ടെ.
ഒരു യുദ്ധം ജയിച്ചവനേപോലെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങുന്ന തിരക്കഥാകൃത്തിന്റെ മുഖം. പുറകിൽ തളർന്ന് കസേരയിലേക്ക് ചായുന്ന സ്ത്രീ.
അയാൾ ഹോട്ടൽ ഇടനാഴിയിലൂടെ നടന്നു നീങ്ങുമ്പോൾ അവിടെ മുഴങ്ങുന്ന തിരക്കഥാകൃത്തിന്റെ ശബ്ദം : സാർ ഇനിയും ഇതുപോലെ പല ഇടനഴികളും കയറിയിറങ്ങേണ്ടിവന്നേക്കാം. പക്ഷെ നീതിപൂർവ്വമല്ലാത്ത ഒരു ശ്രമം എനിക്കു വയ്യ. ഇനിഎന്നെങ്കിലും ഈ ചിത്രം യാഥാർത്ഥ്യമാകുകയാണെങ്കിൽ അത് അങ്ങയ്ക്കായുള്ള എന്റെ സമർപ്പണമായിരിക്കും. അന്ന് ഈ ലോകം സത്യം തിരിച്ചറിയും . തീർച്ച.
ശുഭം.