Aug 20, 2011

ഭൂതക്കുളത്തിലെ കൂട്ടുകാരി

സീൻ - 1

പകൽ

മലമ്പ്രദേശം. വിദൂരദ്യശ്യം.

റബർകാടുക്കൾക്കിടയിൽ ഒളിക്കപ്പെട്ട ഒരു പാമ്പിനെപോലെ ചുറ്റിപിണഞ്ഞുകിടക്കുന്ന താറിട്ടറോഡിലൂടെ മലയിറങ്ങിവരുന്ന ഒരു പോലീസ് ജീപ്പ്.

സീൻ - 1 (A)

പകൽ

ജീപ്പിനുൾവശം

അപകടം നിറഞ്ഞ റോഡിലൂടെ ശ്രദ്ധാപൂർവ്വം ഡ്രൈവ് ചെയ്യുന്ന പോലീസുകാരൻ. അയാൾക്കരുകിലായി എസ് ഐ. പുറകിലായി ചെറുപ്പക്കാരായ രണ്ട് പോലീസുകാർ.

ഏസ് .ഐ പുറകിലിരിക്കുന്ന പോലീസുകാരിലൊരാളെ നോക്കീ : ഏടോ രമേശേ… എനിക്കു തന്നെ ബുദ്ധിമുട്ടിക്കണമെന്നുണ്ടായിട്ടല്ല…ആവശ്യത്തിനു ഡിപ്പാർട്ട്മെന്റിൽ ആളില്ലാണ്ട് ഞാനെന്തു ചെയ്യും ?

രമേശന്റെ ഇഷ്ടപെടാത്ത മുഖം. രമേശനു എതിർവശത്തായിരിക്കുന്ന പോലീസുകാരൻ സുദേവൻ അയാളെ നോക്കി ചിരിക്കുന്നു.

വണ്ടി ഓടിക്കുന്ന പോലീസുകാരൻ : ടി വി കണ്ടെതിനു അമ്മ തല്ലിയെന്നും പറഞ്ഞ ആ കുട്ടി ക്വാറീലെ വെള്ളത്തിൽ ചാടിയത്.

ഏസ് ഏഐ : അതിനു ആ കൊച്ച് കുളത്തിലുണ്ടെന്നുള്ളതിനുറപ്പൊന്നുമില്ല. താനൊന്നു വെറുതെയിരി. ഒരു ചെരുപ്പ് കിട്ടീന്നും വച്ച്….

കുറച്ചുനേരത്തെ നിശബ്ദ്ധത.

എസ് ഐ : ഫയർ ഫോഴ്സ് അവരുടെ പണി പതിനെട്ടും കാട്ടീന്നാ കേട്ടത്. ഇനിയിപ്പോ നേവി വരുന്നുണ്ടത്രെ.


സീൻ -2

പകൽ (വൈകുന്നേരം)

ക്വാറിയ്ക്കരുകിലായുള്ള റോഡ്.

റോഡിനിരുവശവുമുള്ള റബ്ബർകാടുകളാൾ നേരത്തെ തന്നെ അവിടം ഇരുൾ വ്യാപിച്ചിട്ടുണ്ട്.

അവിടെ തിങ്ങി കുടിനിൽക്കുന്ന ജനങ്ങൾക്കിടയിലേക്ക് വന്നു നിൽക്കുന്ന പോലീസ് ജീപ്പ്. എല്ലാ മുഖവും അവിടെക്ക് തിരിയുന്നു.

വിവരമറിഞ്ഞെത്തിയവരുടെ വാഹനങ്ങൾ റോഡിനിരുവശവുമായി കാണാം.

ജീപ്പിനുപിന്നിൽ നിന്നിറങ്ങി എസ് ഐ ക്കരുകിലേക്ക് വരുന്ന സുദേവനും രമേശനും.എസ് ഐ : (സുദേവനോട്) ടോ ഇവിടൊക്കെ തന്നെ കാണണം. പണ്ടൊരിടത്തു നൈറ്റ് ഡ്യൂട്ടിക്ക് പോയതു പോലെ രാത്രി വാറ്റ് അന്വേഷിച്ച് പോകരുത്.

രമേശേ…എന്തെകിലും ആവശ്യമുണ്ടെൻകി വിളിക്ക്. പിന്നെ, ആ ക്വാറീടെ വഴീലുള്ള ബൈക്കുകളോക്കെ ഒന്നു മാറ്റി വെപ്പിക്ക്.

രമേശനും സുദേവനും ആൾകുട്ടത്തിനിടയിലേക്ക് ലാത്തി വീശി നടന്നു പോകുന്നു. ഒരു ഖദർ വസ്ത്രദാരി കൈയ്യുർത്തികൊണ്ട് പോലിസ് ജീപ്പിനരുകിലേക്ക് ചെല്ലുന്നു.


സീൻ - 2

പകൽ. (വൈകുന്നേരം)

ക്വാറീയിലേക്കുള്ള വഴി.

റബറുകൾക്കിടയിലെ ഇടവഴിയിലൂടെ നടന്നുപോകുന്ന രമേശനുൻ സുദേവനും. അവർക്കു മുമ്പിലും പിന്നിലുമായി വിവരമറിഞ്ഞെത്തിയവരുടെ തിരക്ക്. ചിലർ സ്ഥലം സന്ദർശിച്ച് പല അഭിപ്രായങ്ങളുമായി എതിരെ വരുന്നുണ്ട്.

രമേശനും സുദേവനും എത്തിനിൽക്കുന്നത് ഭീതി ജനിപ്പിക്കുന്ന ഒരു പാറക്വാറിക്ക് മുന്നിലാണ്.

വിശാലമായി നീണ്ട് കായൽ പോലെ നിരന്നു ശാന്തമായികിടക്കുന്ന ജലം. ചുറ്റും ജലത്തിലേക്ക് കുതിക്കാൻ വെമ്പിനിൽക്കുന്ന ഉയർന്ന പാറ മതിലുകൾ. മുകളിൽ ഒരടപ്പുപോലെ ആകാശം.

സുദേവൻ : ( അദ്ഭുതത്തോടെ ) ശരിക്കും ഭൂതക്കുളം തന്നെ. കണ്ടിട്ട് പേടിയാകുന്നു.

രമേശൻ : നേരത്തെ ഇതിന്റെ പേർ കടലുകാണാം പാറ എന്നായിരുന്നു. ചിലപ്പോഴൊക്കെ ഇതിന്റെ മുകളീകേറിനിന്നാ അങ്ങ് ദൂരെ കടൽ കാണാമായിരുന്നു.

കത്തിനിൽക്കുന്ന മീനചൂടിൽ പോലും അതിനുമുകളിൾ നല്ല തണുത്ത കാറ്റുണ്ടായിരുന്നു.

സുദേവൻ : ഇപ്പോ ജനം പാറതുരന്ന് ഇവിടതന്നെ കടലുണ്ടാക്കി. അല്ലേ?

രമേശൻ: ആമ്മവീട്ടിൽ വരുമ്പോൾ ഞങ്ങൾ കുട്ടികളുടെ താവളമായിരുന്നു ഇവിടം.

അവരുടെ കാഴ്ചയിൽ കുറേ ചെറുപ്പക്കാർ കുളത്തിലേക്ക് ഫോക്കസ്ചെയ്ത് വലിയ ലൈറ്റുകൾ മരത്തിൽ വെച്ച് കെട്ടുന്നു. രാത്രിയുലേക്കു വേണ്ടിയുള്ള ഒരുക്കങ്ങൾ.

സുദേവൻ : താഴെ കരയിലേക്കടുപ്പിച്ചിട്ടിരിക്കുന്ന ഫയർഫോഴ്സിന്റെ ബോട്ടിലേക്ക് വിരൽ ചൂണ്ടുന്നു. ദേ കുട്ടിയുടെ ചെരുപ്പുകാണാം.

അവർക്കരുകിലായി നിൽക്കുകയായിരുന്ന പ്രായം ചെന്ന ഒരാൾ : സാറെ ദേ… ഇവിടെനിന്ന് വെള്ളത്തിലേക്ക് ഏകദേശം ഒരെഴുപതടി താഴ്ചകാണും അവിടെനിന്നും അത്രേം തന്നെ താഴേക്കും.

അയാളുടെ കുഴഞ്ഞ ശബ്ദം മദ്യപിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുന്നു.

സുദേവൻ : എവിടുന്നൊപ്പിച്ചു ? നല്ല മൂഡിലാണല്ലൊ.

രമേശൻ സുദേവനെ ഇരയെ കിട്ടിയെന്ന ഭാവത്തിൽ ചിരിക്കുന്നു.

വ്യദ്ധൻ : (അബദ്ധം പറ്റിയതുപോലെ വാ പൊത്തി ശബ്ദം താഴ്ത്തി) എന്റെ മോൻ മിലിട്ടറിയാ.

സുദേവൻ : തന്റെ പേരെന്താ ? ഈ ആഴമൊക്കെ തനിക്കെങ്ങനെ ക്യത്യമായി അറിയാം ?

വ്യദ്ധൻ: ഭാസി…ദേ...ഈ പാറപൊട്ടിച്ച് തുടങ്ങും മുതൽ അവസാനം വരേം ഞനിവടത്തെ പണിക്കാരനായിരുന്നു. (ഒന്നു നിർത്തി) ഞാൻ കുഴിച്ച കുളത്തിലാ എന്റെ മിന്നി മോള്.... (അയാൾ കരയാൻ തുടങ്ങുന്നു)

സുദേവൻ : ആ കൊച്ചിന്റെ വീടെവിടെയാ..

കിളവൻ : ദേ ഈ റോഡിനപ്പുറമാ… ഞങ്ങളപ്പുറവും മിപ്പുറവുമാ..


സീൻ: 3

ഇരുൾ വീണു തുടങ്ങുന്നു.

നേരത്തെ വണ്ടിനിർത്തിയ റോഡിനരുകിലായുള്ള വീട്ടിലേക്ക് നടക്കുന്ന രമേശനും സുദേവനും.

അവിടെ കൂട്ടനിലവിളികേൾക്കാം. മുറ്റത്ത് ഒരു നീല ടാർപ്പാളിൻ പിടിച്ചു കെട്ടിയിട്ടുണ്ട്. അവിടെയുമുണ്ട് ജനംക്കൂട്ടം.

രമേശൻ : ഞാനില്ല താൻ പോയിട്ട് വാ..

സുദേവൻ : ഒറ്റ മോളായിരുന്നു. രണ്ടാം ക്ലാസിൽ പടിക്കുന്ന കുട്ടി. രമേശൻ: (ദീർഘനിശ്വാസത്തോടെ) എന്താ ചെയ്ക…ഇപ്പോഴത്തെ കുട്ട്യോൾടെ സ്വഭാവം…വിശ്വസിക്കാൻ പറ്റുന്നില്ല.

സീൻ - 4

രാത്രി

ക്വാറി, ഭയാനകമായ് അന്തരീഷം. രാത്രികാല ജീവികളുടെ തേങ്ങൽ. വെളിച്ചത്തിനായി ചുറ്റും കെട്ടിവച്ചിരിക്കുന്ന ലൈറ്റുകളുടെ പ്രകാശം താഴെ വെള്ളത്തിൽ തട്ടി പ്രതിഫലിച്ചു.

അല്പമകലെ ഒരു കസേരയിലിരിക്കുന്ന രമേശ്. ചുണ്ടെത്തെരിയുന്ന സിഗരറ്റ്. അവിടെയിടെയുമായി ഇനിയും പിരിഞ്ഞുപോകാത്ത കുറച്ചുപേരെ കാണാം കത്തിതീരാറായ സിഗരറ്റ് തറയിൽ ചവിട്ടിയരച്ച് അയാളെഴുന്നേററ്റ് രണ്ട് ചാൽ നടന്നു. കുറച്ചുനേരം ലൈറ്റുവെട്ടത്തിൽ പറന്നുകളിക്കുന്ന ചെറുജീവികളെ നോക്കി നിന്നു. പിന്നിട് ക്വാറിയ്ക്കരുകിലേക്ക് പോയി താഴെ വെള്ളത്തിലേക്ക് നോക്കി.

വീണ്ടും കസേരയിലിരുന്ന് കൈകൾ തലയ്ക്കുപുറകിൽ കെട്ടി ആകാശത്തേക്ക് നോക്കുമ്പോൾ അവിടെ മേഘങ്ങൾ മറയ്ക്കാൻ ശ്രമിക്കുന്ന പൂർണ്ണചന്ദ്രൻ.


സീൻ - 5

രാത്രി.

ഭാസിയുടെ വീട്. (പുറവശം)

വീടിനു മുന്നിലിട്ട കസേരയിലിരിക്കുന്ന സുദേവൻ.

ആടുത്തായുള്ള പൂച്ചട്ടികൾക്കിടയിൽ ഒളിപ്പിച്ച മദ്യകുപ്പിയിൽ നിന്നും ഗ്ലാസിലേക്ക് മദ്യം പകരുന്ന ഭാസി.

ഭാസി : ഞാൻ പറഞ്ഞില്ലേ സാറെ നേവി വരില്ലെന്നു. അവരുടെ ക്യാമറ രാത്രീൽ വർക്ക് ചെയ്യില്ല.

മദ്യഗ്ലാസ് സുദേവനുനേരെ നീട്ടികൊണ്ട് : (ശബ്ദം താഴ്ത്തി) മറ്റേ സാറിനു വേണ്ടെ?

സുദേവൻ : ഓ.. അയാളവിടെങ്ങാനും പോയിരുന്നു കരയുന്നുണ്ടാകും.

താനൊഴിക്ക്..താനല്ലേ പറഞ്ഞത് അത്രയേയുള്ളുവെന്ന്...

ഭാസി: യ്യോ… സാറെ ഇതേയുള്ളു. ഭാസി കള്ളം പറയില്ല.

സുദേവൻ : ങും.. (അർഥം വച്ച് മൂളുന്നു.) അകത്തുകാണും ഞാൻ കേറിയൊന്ന് റെയിഡ് ചെയ്യട്ടെ.

വ്യദ്ധൻ :യ്യോ എന്റ പൊന്നു സാറെ, മോനാണസത്യം..ഇതേയുള്ളൂ. ഇതെനിക്കുള്ളതല്ല. കച്ചവടത്തിനുള്ളതാ..എന്നോട് തൊട്ടുപോകരുതെന്ന മോന്റെ കൽപ്പന.

സുദേവൻ അകത്തേക്കൊന്ന് എത്തിനോക്കുന്നു.

വ്യദ്ധൻ : (വിഷമത്തോടെ) അപ്പൊ സാറെ ആ മോളുണ്ടല്ലോ….മിന്നി… അവളൊരു… ഒരു… പൂമ്പാറ്റയായിരുന്നു. ഇവിടൊക്കെ ഇങ്ങനെ പറന്നു പറന്ന് നടക്കും. എന്നോട് വല്യകാര്യമായിരുന്നു. എന്റെ മിന്നി മോള്..

വ്യദ്ധന്റെ കുഴഞ്ഞശബ്ദത്തിൽ അലിഞ്ഞില്ലാതാകുന്ന ക്വാറിയുടെ ഭയാനകമായ ഇരുണ്ട മുഖം.

സീൻ -6

രാത്രി, ക്വാറി.

കസേരയിലിരുന്ന് ഉറക്കം തൂങ്ങുന്ന രമേശ്. അടുത്തെങ്ങും ആരെയും കാണാനില്ല.

ഭയാനകമായ ഒരു നിശബ്ദത മാത്രം അവിടെ കറങ്ങി നിന്നു.

പെട്ടെന്ന് ഒരു കുട്ടിയുടെ ശബ്ദം അയാളെ ഉണർത്തുന്നു. : അങ്കിൾ…..

രമേശ് ഒരു ഞെട്ടലോടെ തലയുയർത്തി. ചുറ്റും നോക്കുന്നു : ആര്..ആരാ വിളിച്ചത് ?

കുട്ടിയുടെ ശബ്ധം : ഞാനാ ..മിന്നിമോൾ…

രമേശ് : മിന്നിമോൾ…?

മിന്നി: (ചിരിക്കുന്നു) അതെ എനിക്കാ.. അങ്കിൾ കൂട്ടിരിക്കുന്നത്.

രമേശ്: മോളെ. മോളെ നീ…എവിടെയാ…

രത്രിയുടെ നിശബ്ദതയിൽ തട്ടി തെറിച്ച അവരുടെ ശബ്ദ്ധത്തിനു വല്ലത്ത കനമുണ്ടായിരുന്നു.

മിന്നി : ( ആരെയൊ കബളിപ്പിക്കാൻ ഒളിച്ചിരിക്കുന്ന ഒരു കുട്ടിയെ പോലെ അവൾ ചിരിക്കുന്നു). ഞാനിവടെയുണ്ട്. ഞാനും മീനുവും…ഞങ്ങള്.. ഈ വെള്ളത്തിനടിയില് ഒളിച്ചിരിക്കുവാ..

രമേശ് : വെള്ളത്തിനടിയിൽ….! മീനുവൊ.. അതാരാണ് ?.

മിന്നി: എന്റെ ഫ്രണ്ടാ.. ഞാനിവളെ ഇവിടെ കൊണ്ടാക്കിയതുമുതൽ പാവം..തനിച്ചായിരുന്നു.

രമേശ് : ആരെ കൊണ്ടാക്കിയ കാര്യമാണ് നീ പറയുന്നത് ?

മിന്നി : മീനുവിനെ…അതൊരു വലിയ കഥയാ..! എന്റെ ക്ലാസിലെ റീന മത്യൂവാ മീനുവിനെ എനിക്കു തന്നത്. ഒരു കുപ്പിയിലാക്കി, അരും കാണാതെ കൊണ്ടു തന്നു. ഞാൻ പപ്പയും മമ്മിയും കാണാതെ അവളെ അലമാരയിൽ ഒളിപ്പിച്ചു വച്ചു.

മിന്നിയുടെ ശബ്ദത്തിനൊപ്പം ദ്യശ്യങ്ങൾ.
( അടച്ചിട്ടമുറിയ്ക്കുള്ളിൽ കുപ്പിയിലാക്കിയ ഒരു ചെറു മത്സ്യ്വുമായി സന്തോഷത്തോടെ ന്യത്തം ചെയ്യുന്ന ഒരു കൊച്ചു പെൺകുട്ടി-മിന്നി. പെട്ടെന്ന് ആരോ വരുന്ന ശബ്ദം കേട്ട് കുപ്പിയിലെ ചെറുമത്സ്യത്തെ അലമാരയിലെ തുണികൾക്കിടയിൽ അവൾ ഒളിപ്പിച്ചു വയ്ക്കുന്നു.)

മിന്നി : പിന്നീട്, കുറച്ചുകഴിഞ്ഞ് നോക്കുമ്പോ മീനു വല്ലാതെ ക്ഷീണിച്ചിട്ടുണ്ടായിരുന്നു. ഞാൻ എനിക്കുകിട്ടിയ ബിസ്കറ്റ് കുറച്ച് അവൾക്കു കൊടുത്തു .പക്ഷെ അവൾ കഴിച്ചില്ല. അപ്പം ദേ… മീനു പറയുവാ.. എനിക്ക് ശ്വാസം മുട്ടുന്നു. എനിക്കിത്തിരി വെള്ളം തരാൻ. എനിക്ക് തോന്നി ഇവൾ കള്ളം പറയുവാണെന്ന്. കുപ്പിയിൽ നിറയെ വെള്ളമുണ്ടല്ലോ…

(രാത്രി. മുറിയിലെ റ്റേബിളിനുമുകളിലിരിക്കുന്ന കുപ്പിയിലെ ചെറുമത്സ്യത്തെ നോക്കി വിഷമിച്ചിരിക്കുന്ന മിന്നി.)

അമ്മകാണാതെ റീനാമാത്യ്വിനെ ഞാൻ ഫോൺ ചെയ്തു. അവളാപറഞ്ഞത് കുപ്പിയിലെ വെള്ളം മാറ്റി വേറെ നൽകാൻ.

( മഗ്ഗിൽനിന്നും കുപ്പിയിലേക്ക് വെള്ളം പകരുന്ന മിന്നി. മത്സ്യം പുതുവെള്ളം കിട്ടുമ്പോൾ ഓടികളിക്കുന്നു.)

അപ്പൊ ഇവൾടെ സന്തോഷം ഒന്നുകാണണമായിരുന്നു. (മിന്നി ചിരിക്കുന്നു) പക്ഷെ കൂടെക്കൂടെ ഇവൾ വെള്ളം ചോദിയ്ക്കും. അപ്പൊ ഭാസിയൻകിൾ പറഞ്ഞു ഒത്തിരി വെള്ളമുള്ളടത്ത് കൊണ്ടു ചെന്നാക്കാൻ - ഭൂതകുളത്തിലാക്കാൻ.

(കുപ്പിയിൽനിന്നും മത്സ്യത്തെ കൂളത്തിലേക്കൊഴുക്കുന്ന മിന്നി.)

ആരും കാണാതെ എന്നും ഞാനിവളെ ഇവിടെ വന്നു കാണുമായിരുന്നു. ഞങൾ ഒരു പാടു നേരം വർത്തമാനം പറയും. ചിലപ്പൊ ഭാസിയങ്കിളും കൂടെ കാണും. ഞങളാ ഇവൾക്ക് മീനുവെന്ന് പേരിട്ടത്.

( പകൽ ക്വാറിയിലെ വെള്ളത്തിനരുകിൽ മീനുവും ഭാസിയും. വെള്ളത്തിലേക്ക് നീട്ടിയ മീനുവിന്റെ ചെറുകൈകളിൽ കയറിയിറങ്ങിപോകുന്ന മീനുവെന്ന ചെറു മത്സ്യം. ഭാസിയുടെ കുട്ടിത്തം നിറഞ്ഞ ചിരി.)

മീന്നി..നീ..കണ്ടില്ലെ…നിന്റെ പപ്പായും മമ്മിയുമൊക്കെ എത്ര ദു:ഖത്തിലാണെന്ന്. നിന്നെ നഷ്ടപ്പെട്ടപ്പൊ, അവരെത്രമാത്രം വിഷമിക്കുന്നുണ്ടെന്ന്.

മിന്നി : ഉം…അൻകിൽ കള്ളം പറയുവാ.. ഞാനില്ലാത്തത് കൊണ്ട് ഇപ്പൊ പപ്പ മമ്മിയെയായിരിക്കും പടിപ്പിക്കുന്നത്. പപ്പ കുടിച്ചിട്ടുണ്ടെങ്കിൽ വഴക്കായി കാണും. മമ്മി പറയും ( അവളുടെ മമ്മി പറയുന്നതിനെ അനുകരിച്ച് ചിരിക്കുന്നു.) നിങ്ങളന്നെ പടിപ്പിക്കണ്ട എനിക്കറിയാം എന്തു ചെയ്യണമെന്ന്. ഒന്നിനും സമ്മതിക്കില്ലെൻകിൽ ഈ ഭൂതകുളത്തിൽ ചാടി ഞാൻ മരിക്കും

(രാത്രി. കസേരയിലിരുന്ന് റ്റേബിളിൽ വച്ച് ഹോ വർക്ക് ചെയ്യുന്ന മിന്നി.  കസേരയിൽ നിന്നിറങ്ങി മറ്റൊരു മുറിക്ക് മുന്നിലെത്തുമ്പോൾ അവ്ളുടെ കാഴ്ചയിൽ എന്തൊക്കെയോ പറഞ്ഞ് വഴക്ക് കൂടുന്ന അവളുടെ പപ്പയും മമ്മിയും.)

മിന്നി : (കള്ളചിരി) മമ്മി ചാടും മുമ്പ് ഞാൻ ചാടി. മമ്മിയിവിടെ വന്നാലുണ്ടല്ലൊ.. എന്റെ മീനുവിനേയും കണ്ണുരുട്ടി പേടിപ്പിക്കും. ഭിത്തിയിൽ ടൈം റ്റേബിൾ വരച്ചിടും. പാട്ട്, ഡാൻസ്.. ഒ..എനിക്ക് ഓർക്കാൻ കൂടി വയ്യ.

രമേശ് : എന്നാലും നിന്റെ പപ്പയ്ക്ക് നിന്നെ ഒരു പാടിഷ്ടമായിരുന്നു

മിന്നി : എന്നെ ആർക്കും ഇഷ്ടമില്ല, പപ്പ, ഭാസിയൻകിൾ, സുധ റ്റീച്ചറ് ..എല്ലാവർക്കും എന്നോട് ദേഷ്യമാ..

( സ്കൂളിൾ കുട്ടികൾക്കിടയിൽ എഴുന്നേറ്റ് തൽകുനിച്ച് നിൽക്കുന്ന മിന്നി. അവൾക്ക് നേരെ വടിയോങ്ങി വഴക്കുപറയുന്ന റ്റീച്ചറിന്റെ ക്രൂരമായ മുഖം. ചുറ്റുമുള്ള കുട്ടികൾ ചിരിയ്ക്കുന്നു. രാത്രി, ഉറക്കം തൂങ്ങുന്ന മിന്നിയ്ക്കു മുമ്പിൽ പുസ്തകവുമായി അവളുടെ പപ്പ.)

എനിക്കു പപ്പായെ പേടിയാ..എന്നെ ഒരു ഡോക്ടറാക്കണമെന്ന പപ്പയുടെ ആഗ്രഹം. എനിക്ക് ഡോക്ടറാകണ്ട. എന്തിനാവെറുതെ സൂചികാണിച്ച് എല്ലാവരേയും പേടിപ്പിക്കുന്നത് ? ദേ അൻകിൾ എന്റെ ഈ ലോകം എത്ര നല്ലതാണ്… ഇവിടെ ആരുമില്ല ഞാനും മീനുവും മാത്രം. എവിടെ വേണമെൻകിലും പോകാം…എന്തെല്ലാം കാഴ്ചകൾ മീനുവെനിക്ക് കാട്ടി തന്നുവെന്നോ…

(വെള്ളത്തിനടിയിൽ നിശ്ചലമായി കിടക്കുന്ന മിന്നിയുടെ ശരീരം. അവൾക്കരുകിലൂടെ ഒഴുകിനടക്കുന്ന ഒരു ചെറു മത്സ്യം)

രമേശ്: ഭാസിയൻകിൾ നിന്റെ കൂട്ടുകാരനല്ലായിരുന്നോ..

മിന്നി : ഒരിക്കൽ ഭാസിയൻകിളിന്റെവിടുത്തെ കോമുവാന്റി പറഞ്ഞു. ഭാസിയന്കിളുമായുള്ള ചങ്ങാത്തം വേണ്ടെന്ന്. ആന്റിയില്ലാത്തപ്പോൾ വീട്ടിലേക്ക് ചെല്ലരുതെന്ന്. ഇപ്പോഴത്തെ കാലമല്ലെ ആരെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന്. എന്നെ തനിച്ച് പുറത്തുവിടുന്ന മമ്മിയേയും വഴക്കുപറഞ്ഞു.

മിന്നി.: എന്തോ എനിക്കറിയില്ല. ഞാനൊരു തെറ്റും ചെയ്തില്ല. ഞാൻ ഭാസിയൻകിളോട് ചോദിച്ചപ്പൊ, ഭാസിയൻകിൾ പറഞ്ഞു. ഈ ലോകം അങ്ങനെയാണെന്ന്. ആർക്കും ആരെയും വിശ്വാസമില്ലാത്ത ലോകമാണെന്ന്. കോമുവാന്റി ഏതോ പുസ്തകത്തിൽ വായിച്ചത്രെ കുട്ടികളെ അയലത്തേക്ക് പറഞ്ഞയയ്ക്കരുതെന്ന്. ഒടുവിൽ ഞാനും മീനുവും മാത്രമായി. ഇന്നലെ വൈകുന്നേരം സ്കൂൾ വിട്ട് വന്ന് റ്റി,വി വച്ചതിനു മമ്മിയെന്നെ തല്ലി.

(വീട്ടിൽ റ്റി വി കണ്ടുകൊണ്ടിരിക്കുന്ന മീനു. റിമോൾട്ട് തട്ടിപറിച്ച് അവളെ അടിക്കാൻ ചെല്ലുന്ന അവളുടെ മമ്മി.)

ഡാൻസ് റ്റീച്ചർ എന്നെ കുറിച്ചെന്തോ പറഞ്ഞതിന്റെ ദേഷ്യമായിരുന്നു മമ്മിക്ക്. രത്രിയില് കിടന്ന് കരഞ്ഞപ്പോൾ മീനുവെന്നെ അവളുടെ ലോകത്തേക്ക് വിളിച്ചു . ഇങ്ങു പോരാൻ പറഞ്ഞു. ഞാൻ അവൾക്കരുകിലേക്ക് അവളെപോലെ നീന്തി വന്നു.

(നിശബ്ദമായ്യ് ഒരു രാത്രിയിൽ ക്വാറിയുടെ മുകളിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന മിന്നി മോൾ. )

സീൻ -8

രാത്രി. (ക്വാറി)

ക്വാറിയുടെ അരുകിലായ് കസേരയിലിരിക്കുന്ന രമേശ് കരഞ്ഞുകൊണ്ട് ഞെട്ടി എഴുന്നേൽക്കുന്നു. അയാൾ ആയിപ്പോടെ ചുറ്റും പകച്ച് നോക്കുന്നു . എല്ലാം പഴയതുപോലെ നിശബ്ദം. അയാൾ ക്വാറിയ്ക്കരുകിലെത്തി താഴെ വെള്ളത്തിലേക്ക് നോക്കി. അവിടെ എല്ലാത്തിനും ദ്യക്സാക്ഷിയായി നിൽക്കുന്ന പൂർണ്ണചന്ദ്രന്റെ പ്രതിബിംബം മാത്രം.


പകൽ. -10

ക്വാറി.

രാത്രി പെതുക്കെ പകലിനു വഴി മാറുമ്പോൾ മരണവിവരമറിഞ്ഞെത്തിയവരുടെ തിരക്കും ആകെ ബഹളവും.

ബോട്ടിൽ നിന്നും മിന്നിയുടെ മ്യതദേഹം കരയിലേക്കെടുക്കുന്ന പോലീസുകാർ.

കുറച്ചകലെയായി നൈറ്റ്ഡ്യൂട്ടി കഴിഞ്ഞതിന്റെ ആലസ്യത്തിൽ നിൽക്കുന്ന രമേശനും സുദേവനും.

മിന്നിയുടെ ശരീരത്തിലെവിടെയോ ഒളിഞ്ഞിരുന്ന ഒരു ചെറുമത്സ്യം തറയിൽ വീണ് ശ്വാസം കിട്ടാതെ പിടയുന്നത് രമേശൻ മാത്രം കാണുന്നു.

7 comments:

 1. കുറെ നാളുകളായി എന്തെൻകിലും എഴുതിയിട്ട്…മറക്കാനാകാത്ത സംഭവങ്ങൾ ഫണം വിടർത്തി എത്താറുണ്ട്. പക്ഷെ, എന്തോ…സമയമില്ലെന്ന കാരണത്തിന്റെ പൊത്തിൽ ഒളിച്ചിരുന്നു. ഈയടുത്ത് നാട്ടിൽ പോയപ്പോഴാണ് ഈ സംഭവത്തിനു ദ്യക്സാക്ഷിയാകുന്നത്. ഇത് എനിക്ക് ഏഴുതാതിരിക്കാനാകില്ല.

  ReplyDelete
 2. ഹോ എന്തു ഭീകരം,എത്ര സത്യം എത്രമാത്രം ടച്ചിംഗ്ഗ് ആയ കാര്യം.എല്ലാ അമ്മമാരും അച്ചന്മാരും ഇതൊന്ന് വായിച്ചിരുന്നെങ്കില്‍.

  ReplyDelete
 3. Sree,
  Nice to read. The story depicts some Stevin Rock and Kerala pictures. If you are a witness of this story; then it will create a sad impact and feeling in mind. All the best
  Joy Daniel
  UAE

  ReplyDelete
 4. നല്ല അവതരണം
  ആശംസകൾ!

  ReplyDelete
 5. very good! oru short film kanda pratheethi..!!

  ReplyDelete
 6. ഒരു കിളിക്കുഞ്ഞിന്റെ ദീനമായ കരച്ചില്‍ഉള്ളില്‍ മുഴങ്ങുന്നു ,സുഹൃത്തെ ,ചെറിയ കുഞ്ഞുങ്ങളുടെ ചിന്താലോകം നന്നായി വരച്ചിടുന്നു ,അതിമനോഹരമായ ഭാഷ .അഭിനന്ദനങ്ങള്‍

  ReplyDelete