സീൻ - 1
പകൽ
മണിമാളികയെന്ന് തോന്നിക്കുന്ന ഒരു വീടിന്റെ മുറിക്കുൾവശം.
ആകെ അലങ്കോലപ്പെട്ടുകിടക്കുന്ന മുറി. ആരോ വലിച്ചെറിഞ്ഞതു പോലെ തകർന്നുകിടക്കുന്ന സാധനങ്ങൾ - പൊട്ടിയ ബെഡ് ലാംബ്, മൊബൈൽ, ചിതറികിടക്കുന്ന തുണികൾ, കീറിയിട്ടിരിക്കുന്ന പേപ്പറുകൾ.
റൂമിനു നടുവിലായുള്ള കിടക്കയിൽ കൂനികൂടി കാല്മുട്ടുകളിൽ തലചായ്ച്ച് കുനിഞ്ഞിരിക്കുന്ന ഒരു പെൺകുട്ടി-പ്രീയ.
ചിതറികിടക്കുന്ന മുടിയാൽ മുഖം വ്യക്തമല്ല. അവൾ കരയുന്നുണ്ട്.
മുറിക്കുപുറത്തായി ഒരുപാടുപേർ ഒത്തുകൂടിയതിന്റെ ബഹളം കേൾക്കാം. ജനാലയ്ക്കപ്പുറത്തുനിന്ന് ചിലർ എത്തിനോക്കുന്നു. ചിലർ അകത്തേക്ക് നോക്കികൊണ്ട് നടന്നു പോകുന്നു. (മുറിയ്ക്കുള്ളിൽനിന്നുള്ള കാഴ്ച)
പ്രീയ അതേയിരുപ്പ് തന്നെ.
പുറത്ത് അടക്കിപ്പിടിച്ച സംസാരം പ്രീയയുടെ ചെവിയിൽ.
ഒരു സ്ത്രീ : എപ്പൊഴായിരുന്നു തുടക്കം...?
മറ്റൊരു സ്ത്രീ : (ആശ്ചര്യത്തോടെ ) രാത്രിൽ..!!
ആദ്യം കേട്ട സ്ത്രീയുടെ ശബ്ദം : വല്ല പ്രേതമോ മറ്റോ കൂടിയതാണോ..: ?
ഒരു ചെറിയകുട്ടി ജനലിലൂടെ എത്തിനോക്കി വിളിക്കുന്നു : പ്രീയാന്റി...പ്രീയാന്റി..
പ്രീയ തലവെട്ടിച്ച് ദേഷ്യത്തിൽ നോക്കുന്നു.
കുട്ടി പേടിച്ച് ഓടിപോകുന്നു.
പ്രീയയൂടെ ഓർമ്മകളിലേക്കെന്നവണ്ണം ദൃശ്യം അവ്യക്തമാകുന്നു.
സീൻ -2
പകൽ (പ്രീയയുടെ ഓർമ്മ)
കുന്നിൻമുകളിലെ കോളേജിൽനിന്നാരംഭിച്ച് ഹൈവേയിലേക്ക് പതിക്കുന്ന റോഡ്.
കോളേജ് വിട്ട് ജംഗ്ഷൻ ലക്ഷ്യമാക്കി നടക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും.
റോഡിനൊരുവശത്തുകൂടി തമാശകൾ പറഞ്ഞ് ചിരിച്ചുകൊണ്ട് നടക്കുന്ന നാല് പെൺകുട്ടികൾ. കൂട്ടത്തിൽ പ്രീയയേയും കാണാം.
മിഡിയും ടോപ്പുമിട്ട ഒരുകൊച്ചു പെൺകുട്ടിയേപോലെതോന്നിക്കുന്ന അവൾ ഒരു മിണ്ടാപൂച്ചയെ പോലെ സംസാരത്തിനു വെറുതെ ചെവികൊടുത്ത് നടക്കുന്നു.
ഒരുവൾ : ഈ നാശം പിടിച്ച സമരം. ഇനി വീട്ടിൽ ചെന്നിട്ട് എന്തു ചെയ്യാനാ... ഇന്നു മുഴുവൻ ബോറായിരിക്കും.
മറ്റൊരുവൾ : പാർവ്വതിയെ കണ്ട്പഠിക്ക്...അവൾ ബോറഡിമാറ്റാൻ അവളുടെ ആളെ വിളിച്ചിട്ടുണ്ട്.
പാർവ്വതി : (ഗൗരവത്തിൽ ) എടി മണ്ടി ആദ്യത്തെ സമരം പ്രേമിക്കുന്നവർക്കു വേണ്ടിയായിരുന്നു. അറിയാമോ?
എല്ലാവരും ചിരിക്കുന്നു.
പാർവ്വതി : ( അതുവരേയും ഒന്നുപറയാതിരുന്ന കുട്ടിയെ നോക്കി) പിന്നേ... പ്രീയയ്ക്ക് പേടിക്കാനില്ല. അച്ചൻമുതലാളി ഇപ്പൊവരും സീലോയില്...ഒരു പത്തിരുപത് മുത്തശ്ശിമാരും അവരുടെമക്കളും ചെറുമക്കളുമൊക്കെയുള്ള ഒരു വലിയ കോളേജിലേക്ക് കൊണ്ടുപോകാൻ.
എല്ലാവരും ചിരിക്കുന്നു. അടക്കിപ്പിടിച്ച് ചിരിക്കുന്ന പ്രീയയുടെ മുഖം.
സീൻ - 3
പകൽ
പ്രീയയുടെ മുറി.
കിടക്കയിൽ കുനിഞ്ഞിരിക്കുകയായിരുന്ന പ്രീയ പെതുക്കെ എഴുന്നേൽക്കൂന്നു.
ജനാലയ്ക്കപ്പുറത്ത് എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള ബന്ധക്കാരുടെ ആകാംഷ.
ജനാലയ്ക്കരുകിലായി കുപ്പിയിലിരുന്ന വെള്ളം ആർത്തിയോടെ കുടിക്കുന്ന പ്രീയ.
ജനാലയ്ക്കപ്പുറത്ത് ഒരു സ്ത്രീയുടെ ശബ്ദം : ഉം...ദാഹമൊക്കെയുണ്ട്.
പുരുഷശബ്ദം: നോർമലായീന്ന് തോനുന്നു.
സ്ത്രീ: ഒന്നു തുറന്നു നോക്കിയാലോ ..:
പുരുഷശബ്ദം : വേണ്ട അവിടെകിടന്നു പഠിക്കട്ടെ. അമ്മായിയമ്മയെ കൊല്ലാൻ ശ്രമിച്ചവളല്ലേ..!!
പ്രീയ വെള്ളം കുടിച്ച് കിടക്കയിൽ കയറി അതേയിരുപ്പ് തുടരുന്നു..
സീൻ - 4
പകൽ (പ്രീയയുടെ ഓർമ്മ)
കല്യാണമണ്ഡപം
കൊട്ടും കുരവയും ചേർന്ന കല്യാണമേളം.
മണ്ഡപത്തിൽ പ്രീയയും അപ്പുറത്തായി ഒരു ചെറുപ്പക്കാരനും. ചെറുപ്പക്കാരൻ പ്രീയയുടെ ക്ഴുത്തിൽ താലിചാർത്തുന്നു.
ചുറ്റും കൂടിനിൽക്കുന്നവർ പൂക്കൾ വർഷിക്കുന്നു.
രംഗം പകർത്താനായി ക്യാമറമാൻമാരുടെ ബഹളം.
സീൻ - 5
പകൽ (പ്രീയയൂടെ ഓർമ്മ)
ഒരു മണിമാളികയുടെ മുറ്റം.
വധൂവരന്മാരായ പ്രീയയേയും അപ്പുവിന്റേയും വീടുകയറൽചടങ്ങ്.
കത്തിച്ചുപിടിച്ച വിളക്കുമായി ഒരമ്മ. മറ്റൊരു പെൺകുട്ടി കിണ്ടിയും വെള്ളവുമായി പിറകെ.
ചുറ്റും ചെറുചിരിയുമായി രംഗത്തിനുസാക്ഷിയാകുന്നവർ.
വീട്ടിന്റെപടിക്കലേയ്ക്ക് വയ്ക്കപ്പെടുന്ന പ്രീയയുടെ വലതുകാൽ.
സീൻ-6
വൈകുന്നേരം (ചെറുതായി ഇരുട്ട് വീണ് തുടങ്ങിയിട്ടുണ്ട് )
പ്രീയയുടെ മുറി.
കിടക്കയിൽ കൂനികൂടി കുനിഞിരിക്കുന്ന പ്രീയ.
സീൻ-7
പകൽ
പ്രീയയുടെ മുറി. (പ്രീയയുടെ ഓർമ്മ)
മുറി നാന്നായി അലങ്കരിച്ചിരിക്കുന്നു. സാധനസാമഗ്രികളെല്ലാം കൃത്ത്യമായി അടുക്കിവച്ചിരിക്കുന്നു.
കിടക്കയിലിരിക്കുന്ന അക്ഷമനായി അപ്പു.
മേശമേലിരുന്ന മൊബൈലെടുത്ത് അതിന്റെ ബട്ടണുകളിൽ അമർത്തി ട്യൂൺ കേൾപ്പിക്കുന്ന അപ്പൂ. മൊബൈൽ ചെവിയിൽ വച്ച് ആരോ വിളിച്ചതുപോലെ അഭിനയിക്കുന്നു.
ആപ്പു : ഹലോ...ങാ..പ്രീയയോ..? ഉണ്ട് വിളിക്കാം..ശരി... ( പുറത്തേക്ക് നോക്കിവിളിക്കുന്നു.) പ്രീയേ ഇതാ..ഫോൺ...
തിടുക്കപ്പെട്ട് മുറിയിലേക്ക് വരുന്ന പ്രീയ. എന്തോ പണിയിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന മുഖം
പ്രീയ : എവിടേ..?
പ്രീയ മുറിയിലേക്ക് കയറുമ്പോൾ അപ്പു എഴുന്നേറ്റ് വാതിൽ ചാരുന്നു.
അപ്പു: (ചിരിച്ചു കൊണ്ട് അടക്കിയ സ്വരത്തിൽ വതിലിൽ ചാരിനിന്നുകൊണ്ട്) നീ എവിടെ പോയികിടക്കുന്നു. എനിക്കിനി രണ്ട് ദിവസം കൂടിയേ ലീവുള്ളു എന്ന് നിനക്ക് വല്ല വിചാരവുമുണ്ടോ..?
പ്രീയ : (കാര്യമാക്കാതെ ഗൗർവം നടിക്കുന്നു. ) അതിനു ഞാൻ പറഞ്ഞോ ഒരു മാസത്തേക്ക് ലീവെടുത്ത് കല്യാണം ക്ഴിക്കാൻ..?
അപ്പു : പ്രീയയുടെ തോളിൽ പിടിച്ചുകൊണ്ട് ) എന്തുചെയ്യാം പൊന്നേ..നിന്നെക്കൂടി കൊണ്ടുപോകണമെന്നുണ്ട്.. പക്ഷെ വയ്യാത്ത അമ്മയെ തനിച്ചാക്കി...
അപ്പുവിന്റെ മാറിലേക്ക് ചായുന്ന പ്രീയ.
പശ്ചാത്തലത്തിൽ അപ്പുവിന്റെ അമ്മയുടെ ശബ്ദം : ആരാ മോളെ.
പ്രീയ: (അപ്പുവിൽനിന്നകന്നുമാറി) മിസ്ഡ്കോളാമ്മേ....
അവർക്ക് പുറകിലായി ചുവന്ന മഷിയിൽ തീയതികൾ അടയാൾപ്പെടുത്തിയ കലണ്ടർ വ്യക്തമാകുന്നു.
സീൻ - 8
രാത്രി
പ്രീയയുടെ മുറി.
ഇരുട്ട്.
ജനലിലൂടെ ആരോ അകത്തേക്ക് പായിക്കുന്ന ടോർച്ചിന്റെ വെളിച്ചം മുറിയിൽ ഭയാനകത സൃഷ്ടിക്കുന്നു. കിടക്കയിൽ കുനിഞ്ഞിരിക്കുന്ന പ്രീയയുടെ ദേഹത്ത് പതിയുന്ന പ്രകാശം. (മുറിയിൽ നിന്നുള്ള കാഴ്ച്.)
സീൻ -9
രാത്രി
പ്രീയയുടെ മുറി. ഇരുട്ട്.
കിടക്കയിൽ വ്യക്തമല്ലാത്ത പ്രീയയുടേയും അപ്പുവിന്റേയും രൂപം.
പ്രീയയുടെ തേങ്ങൽ.
അപ്പു : ( ദീനമായ സ്വരത്തിൽ ) എന്താ ചെയ്ക മോളെ...? നീ വരണ്ട എയർപോർട്ടിലേക്ക്.. എനിക്ക്... ഭ്രാന്ത് പിടിക്കും.
സീൻ - 10
രാത്രി.
പ്രീയയുടെ മുറി. ഇരുട്ട്.
ജനാലയ്ക്കപ്പുറത്തെ അരണ്ട വെളിച്ചത്തിൽ നാല് നിഴൽരുപങ്ങൾ.
ഒരാൾ : (അടക്കിയ സ്വരത്തിൽ ) ഉറങ്ങിയെന്ന് തോനുന്നു..
മറ്റൊരാൾ : എങ്ങനെയാ ലൈറ്റൊന്നിടുക ..?
സ്ത്രീ :വേണ്ട. അവിടെകിടക്കട്ടെ ഒരുമ്പെട്ടവൾ..എന്താ ഉണ്ടായീന്ന് നീ അറിഞ്ഞൊ ? അമ്മായി രാത്രീല് മരണവെപ്രാളമെടുത്തിട്ട് നെഞ്ചൊന്ന് തിരുമ്മികൊടുക്കാൻ പറഞ്ഞപ്പോ അവൾ പറയുവാ... എനിക്കുവയ്യാ... ചാവുന്നെങ്കിൽ ചാവട്ടേന്ന്.
ഒരാൾ : അതേയോ..?
വീടിനു പുറത്ത് വണ്ടിവന്നുനിൽക്കുന്ന ശബ്ദം
ഒരാൾ : ദേ അപ്പു വന്നു..
കിടക്കുയായിരുന്ന പ്രീയ ചാടിയെഴുന്നേൽക്കുന്നു.
ലൈറ്റിടാതെതന്നെ അലങ്കോലപെട്ടുകിടന്ന സാധനങ്ങളെല്ലാം വേഗത്തിൽ ഒരുക്കിവയ്ക്കുന്ന പ്രീയ.
കതകിന്റെ പൂട്ടുകൾ തുറക്കപ്പെടുന്ന ശബ്ധം.
മുറിയ്ക്കുള്ളിലെ സ്വിച്ച് ഓൺ ചെയ്യുന്ന അപ്പുവിന്റെ കൈകൾ.
ഗൾഫിൽ നിന്നും വന്ന വേഷത്തിൽ അപ്പു. മുഖത്ത് പരിഭ്രമം.
പ്രീയ ഓടിവന്ന് അപ്പുവിനെ കെട്ടിപിടിക്കുന്നു.
പുറകിൽ തുറന്നിട്ടവാതിലിനു മുൻപിൽ അകത്തെന്താണ് സംഭവിക്കുന്നതെന്നറിയാനുള്ളവരുടെ തിരക്ക്.
അപ്പു : പ്രീയെ.. നിനക്കെന്തു പറ്റി..?
പ്രീയ : ( കരഞ്ഞുകൊണ്ട് ) എനിക്കൊന്നുമില്ല അപ്പേട്ട. എവരെല്ലാവരും കൂടി എന്നെ ഭ്രാന്തിയാക്കുവാ. (അപ്പുവിന്റെ കണ്ണുകളിലേക്ക് നോക്കി നാണിച്ച് ചിരിച്ചു കൊണ്ട്.) ഒന്നുമില്ല. വെറുതെ... ഒരു മിസ്ഡ് കോൾ.
കെട്ടിപിടിച്ച് പൊട്ടിചിരിക്കുന്ന അപ്പുവും പ്രീയയും.
(പ്രീയയ്ക്ക് ഭ്രാന്തായിരുന്നുവോ അതോ അഭിനയമായിരുന്നുവോ എന്നത് വായനക്കാർക്ക് വിട്ടുതരുന്നു.)
ശുഭം.
No comments:
Post a Comment