Aug 6, 2010

ക്ലൈമാക്സ്

സീൻ-1
രാത്രി
തിരക്കഥാകൃത്തിന്റെ മുറി.
ഒരു മുറിയും അതിനോടൂ ചേർന്നുള്ള ബാതറൂമും മാത്രമേയുള്ളു.
പെയിന്റ് ഇളകിതുടങ്ങിയ ഭിത്തിയും പൊളിഞ്ഞ ഫർണ്ണീച്ചറുകളും ഒരു പഴയ ലോഡ്ജ് മുറിയെ ഓർമ്മപ്പെടുത്തുന്നു. അലമാരയിൽ നിരത്തിവച്ചിരിക്കുന്ന പുസ്തകങ്ങൾ. റ്റേബിളിനു മുകളിലായി ഒരു ഫ്ളാക്സും അതിനടുത്തായി ഗ്ലാസും. പകുതി എഴുതിവച്ച പേപ്പർ ഫാനിന്റെ വേഗതയ്ക്കൊത്ത് ഇളകിയാടുന്നു.
തിരക്കഥാകൃത്ത് തീരുമാനിക്കാനാകാത്ത കഥാഗതിയിൽ ഭ്രാന്ത് പിടിച്ച് ഓടിനടക്കുന്നു.
അകലെയെവിടെയോ കോഴി കൂകുന്നതിന്റെ ശ്ബദം.
തിരക്ക്ഥാകൃത്ത് കസേരയിലിരിക്കുകയും പേപ്പറിൽ എന്തോ കുത്തികുറിക്കുകയും ചെയ്യുന്നു. പെട്ടെന്ന് അനുവദിക്കപ്പെട്ട സമയം അറിയിച്ചു കൊണ്ട് മൊബൈലിൽ അലാറത്തിന്റെ ഒച്ച. അയാൾ ഞെട്ടുന്നു.

സീൻ -2
പ്രഭാതം (ഇരുട്ട് മാറിയിട്ടില്ല.)
ഹൈവേയോട് ചേർന്നുള്ള ബസ് സ്റ്റോപ്പ്.
ചെറുതായി മഴ പെയ്യുന്നുണ്ട്.
കടയുടെ ഓരത്തായി ബസ്സ് കാത്തുനിൽക്കുന്ന തിരക്കഥാകൃത്ത്. മഴ നനയാതിരിക്കാനായി തലയിൽ ഒരു തൂവാല നിവർത്തിയിട്ടുണ്ട്.
ഇടയ്ക്ക് ഹൈവേയിലൂടെ വാഹനങ്ങൾ ചീറിപ്പായുന്നു.
അല്പ്പം അകലെയായി അന്നത്തേക്കുള്ള വിതരണത്തിനായി പത്രക്കെട്ടുകൾ തയ്യാറാക്കുന്നവരെ കാണാം.

സീൻ -3
പകൽ
ഓടികൊണ്ടിരിക്കുന്ന ട്രെയിനുൾവശം
സാമാന്യം തിരക്കുണ്ട്. സീറ്റിൽ മറ്റൊരാളുടെ പുറത്തേക്ക് ചാരിയിരുന്ന് ഉറങ്ങുന്ന തിരക്കഥാകൃത്ത്. വായ് തുറന്നിരിക്കുന്നു.
എതിർവ്ശത്തായുള്ള സീറ്റിൽ ഇരിക്കുന്ന കുട്ടി റബ്ബർ ബാൻഡ് വലിച്ചുനീട്ടി കളിക്കുന്നു.
പെട്ടെന്ന് കയ്യിൽ നിന്നും തെറിച്ചുപോകുന്ന റബ്ബർ തിരക്കഥാകൃത്തിന്റെ വായിലേക്ക്. അയാൾ ഞെട്ടിയുണരുന്നു.
കുട്ടി പൊട്ടിച്ചിരിക്കുന്നു.

സീൻ - 4
പകൽ
പണിനടന്നുകൊണ്ടിരിക്കുന്ന ഒരു ഇരുനില വീടിനു മുൻവശം.
ഗേറ്റ് കടന്നു അകത്തേക്ക് കയറുന്ന തിരക്കഥാകൃത്ത്.
മുറ്റത്ത് ഒരു വശത്തായി തടിപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന് കുറച്ച് പേർ. വേഗത്തിലുള്ള പണി. ആകെ ബഹളം.
തിരക്ക്ഥാകൃത്ത് (തടിപ്പണിക്കാരിൽ ഒരാളോട് ) : ഡയറക്ടർ സേതു സാർ...
അയാൾ പണിനിർത്താതെ തല കൊണ്ട് ദൂരേക്ക് ആംഗ്യം കാണിക്കുന്നു.
ഷർട്ട് ഇടാത്ത ലുങ്കി മാത്രം ഉടുത്ത നീളം കുറഞ്ഞ ഒരു മനുഷ്യൻ കുറച്ചകലെയായി നിന്നുഫോൺ ചെയ്യുന്നത് തിരക്കഥാകൃത്തിന്റെ കാഴ്ചയിൽ. ഒരു കയ്യ് അഴിയാറായ ലുങ്കിയിൽ.
തിരക്ക്ഥാകൃത്ത് സംവിധായകൻ കാണത്തക്കവിധം അയാളുടെ മുൻപിലേക്ക് കയറി നിൽക്കുന്നു.
സംവിധായകൻ : (ഫോണിലൂടെ) അതെ നമുക്ക് ഒരുമിച്ച് നിൽക്കാം, ഓ.. ശരി... പൂരിപക്ഷം നമുക്കായിരിക്കും
സംസാരത്തിൽ നിന്നും സംഘടനയാണു സംസാരവിഷയം എന്ന് മനസ്സിലാകുന്നു.
ഇടയ്ക്ക് ഫോൺ മാറ്റിപിടിച്ച് ചോദ്യഭാവത്തിൽ തിരക്കഥാകൃത്തിനെ നോക്കുന്നു.
തിരക്ക്ഥാകൃത്ത് : സാർ ഞാൻ വിളിച്ചിരുന്നു. തിരക്കഥാകൃത്ത് കുണ്ടളത്താഴം
സംവിധായകൻ ഫോണിലെ സംസാരം തുടർന്നുകൊണ്ട് പുറകെ വരാൻ ആംഗ്യം കാണിക്കുന്നു.
സംവിധായകൻ : (ഫോണിലൂടെ )അതെ..ഞാൻ തീർച്ചയായും പിന്താങ്ങും . അവരുടെ കളി ഇനിയും സമ്മതിച്ച് കൊടുക്കരുത്...ഓ.. അങ്ങനെയെങ്കിൽ അവനൊക്കെ തീയറ്ററും പൂട്ടി വീട്ടിലിരിക്ക്ട്ടെ...അതെ.. ശരി.
സംസാരത്തിനിടയിൽ മുറ്റത്തുനിന്നും കുറച്ച് പറമ്പിലേക്കും പിന്നീട് വീടിനു ചുറ്റും വലം വച്ച് മുറ്റത്ത് തന്നെ എത്തുകയും ചെയ്യുന്നു.
സംവിധായകൻ : ( തടിപ്പണിക്കാരുടെ ബഹളത്തിൽ അസഹ്യതയോടെ ) ഓ..ശരി. ഞാൻ പിന്നെ വിളിക്കാം ..(ചിരിച്ചുകൊണ്ട് ) ഓ.. ഒരു തിരക്കഥാകൃത്ത് വന്നിട്ടുണ്ട്. ഏതെങ്കിലും പ്രൊഡ്യൂസർ വന്നു വീണാൽ ചെയ്യാം..ഓക്കെ.. ശരി..ശരി.. (ഫോൺ ഓഫ് ചെയ്ത് തിരക്കഥാകൃത്തിനോട് ) നമുക്ക് മുകളിൽ പോയിരിക്കാം അവിടെ കുറച്ച് ശാന്തത കിട്ടും.

സീൻ - 4 A
പകൽ
പണിനടന്നു കൊണ്ടിരിക്കുന്ന ഇരുനില വീടിനുൾവശം
രണ്ടാമത്തെ നിലയിൽ ബാൽക്കണിയോട് ചേർന്ന് രണ്ട് കസേരകളിലായി സംവിധായകനും തിരക്ക്ഥാകൃത്തും.
കുട്ടിയിട്ടിരിക്കുന്ന ചുടുകട്ടയ്ക്ക്പ്പുറത്തായി ഒരാൾ (വാശിയോടെ) ശംബ്ദം ഉണ്ടാക്കികൊണ്ട് ടൈൽസ് മുറിക്കുന്നു.
ശംബ്ദത്തിനൊപ്പം ആവേശത്തോടെ ക്ഥ പറയുന്ന തിരക്കഥാകൃത്ത്. കൂടെ വേഗതയേറിയ പശ്ചാത്തലസംഗീതം.
സംവിധായകൻ ധ്യാനത്തിലെന്നപോലെ കണ്ണടച്ചിരിക്കുന്നു.
കഥയുടെ ആവേശത്തിൽ ഇടയ്ക്ക് തിരക്കഥാകൃത്ത് എഴുന്നേറ്റ് ബാൽക്കണിയിൽ നിന്നുആകാശത്തേക്ക് കയ്യുയർത്തുമ്പോൾ താഴെ തടിപ്പണിക്കാർ വെറുതെയിരിക്കുന്നതു കാണം.
കഥ പറഞ്ഞവസാനിപ്പിച്ച് സംവിധായകന്റെ മുഖത്തേക്ക് നോക്കുന്ന തിരക്കഥാകൃത്ത്.
ടൈൽസ് മുറിച്ച് കഴിഞ്ഞതിന്റേയും പശ്ചാത്തലസംഗീതം അവസാനിച്ചതിന്റേയും നിശബ്ദത.
സംവിധായകൻ: (നെറ്റിയിൽ കൈ വയ്ക്കുന്നു )തലവേദനയെടുക്കുന്നു. കഥ പറയുമ്പോൾ ഇത്രയൊന്നും പറയണ്ട കാര്യമില്ല. ത്രഡ് മാത്രം പറഞ്ഞാൽ മതി. ( കുറച്ചു നേരത്തെ നിശബ്ദ്തയ്ക്ക് ശേഷം ) ശരി ഞാൻ വിളിക്കാം.
തിരക്കഥാകൃത്ത് : സാർ സാറിന്റെ അഭിപ്രായം.
സംവിദായകൻ : എനിക്ക് ശരിയാവില്ല. മറ്റാരെയെങ്കിലും കാണിക്കൂ...
രണ്ടാമത്തെ നിലയിൽ നിന്നും പടികളിറങ്ങുന്ന തിരക്കഥാകൃത്ത്.

സീൻ -5
പകൽ
നഗരത്തിലെ ഒരു വില കൂടിയ ഫ്ലാറ്റിനുൾവശം.
ഹാളിൽ നിരത്തിയിട്ടിരിക്കുന്ന കസേരകളിൽ പ്രതീക്ഷയോടെ കഥ പറയാനായിരിക്കുന്ന തിരക്കഥാകൃത്തുക്കൾ. ബുദ്ധിജീവികളെന്നു തോന്നിക്കുന്നവരും സാധാരണക്കാരുമായി പലതരക്കാർ. ചിലർ ഉറക്കം തൂങ്ങുന്നു.
ഒരൊറ്റത്തായുള്ള കസേരയിൽ തിരക്കഥാകൃത്ത് കുണ്ടളത്താഴം. ഊഴം പ്രതീക്ഷിച്ചിരിക്കുന്ന അയാളുടെ നോട്ടം അടുത്തായുള്ള വാതിലിലേക്കാണ്. പെട്ടെന്ന് ആ വാതിൽ തുറക്കുകയും അകത്തുനിന്നും ഒരു താടിക്കാരനെ രണ്ടുപേർ ചേർന്ന് ബലമായി പിടിച്ചുകൊണ്ട് വരികയും ചെയ്യുന്നു. അയാൾ കുതറാൻ ശ്രമിക്കുന്നുണ്ട്.
താടിക്കാരൻ : ഇവിറടെയാരും കഥ പറയരുത്.... ഇവന്മാർ പറ്റിക്കും..പാലക്കാട്ട് വച്ച് ഞാൻ പറഞ്ഞ കഥയാ ഇപ്പൊ ഇവിടെ ഓടുന്നത്...
അയാളെ പുറത്തേക്ക് കൊണ്ട് പോകുമ്പോൾ മറ്റൊരാൾ വാതിൽക്കലെത്തി കയ്യിലുള്ള പേപ്പർ നോക്കി പേരുവിളിക്കുന്നു. : കുണ്ടളത്താഴം...

സീൻ - 5 A
പകൽ
ഫ്ലാറ്റിനുൾവശം . മറ്റൊരുമുറി.
മുറിയുടെ വശങ്ങളിലായി ഇട്ട റ്റേബിളിനു പിന്നിലെ കസേരകളിൽ കഥ കേൾക്കാനിരിക്കുന്ന സിനിമാലോകത്തെ പ്രമുഖർ.
തിരക്കഥാകൃത്ത് കുണ്ടളത്താഴത്തിനെതിരായി കഥ കേൾക്കാനായിരിക്കുന്ന രണ്ട് സ്ത്രീകൾ. വിലപിടിപ്പുള്ള വേഷ്ഭൂഷാദികളിൽ മുങിയിരിക്കുന്ന അവർ പഴയകാല നടികളെ ഓർമ്മിപ്പിക്കുന്നു.
തിരക്കഥാകൃത്ത് ഒന്നു തൊഴുത് കഥ ആരംഭിക്കുന്നു.
വേഗതയേറിയ പശ്ചാത്തല സംഗ്ഗീതത്തിനനുസരിച്ച് ആവേശത്തോടെയുള്ള ആംഗ്യവിക്ഷേപങ്ങൾ.
സ്തീകളിലൊരാൾ കർച്ചീഫ് കൊണ്ട് മുഖം തുടയ്ക്കുന്നു : ( അവിടെ സഹായത്തിനായി നിൽക്കുന്ന ആളോട് ) ഇവിടെ ഏസി വർക്ക് ചെയ്യുന്നില്ലേ ..? എന്ത് ചൂടാണിത് ..! അവർ എഴുന്നേറ്റ് പോകുന്നു.
തിരക്കഥാകൃത്ത് കഥ പറയുന്നത് നിർത്തി കഥ തുടരണോ വേണ്ടയോ ഏന്നഭാവത്തിൽ കൂടെയുള്ള സ്ത്രീയെ നോക്കുന്നു.
അവർ തുടരാൻ ആംഗ്യം കാണിക്കുന്നു. തിരക്കഥാകൃത്ത് കഥ തുടരുമ്പോൾ സംഗീതവും തുടരുന്നു.
ഏഴുന്നേറ്റ് പോയ സ്ത്രീ വന്നിരിക്കുപോൾ കൂടെയുള്ള സ്ത്രീക്ക് ഫോൺ വരുന്നു. അവരും ഏഴുന്നേറ്റ് പോകുന്നു.
തിരക്കഥകൃത്ത് കഥ പറച്ചിൽ പകുതിക്ക് അവസാനിപ്പിച്ച് സ്ത്രീയുടെ മുഖത്ത് നോക്കാതെ തലകുമ്പിട്ട് എഴുന്നേൽക്കുന്നു. പെട്ടെന്ന് നിലച്ച സംഗീതം.

സീൻ - 6
പ്രഭാതം
നഗരത്തിലെ ഒരു ഫ്ളാറ്റിനു മുൻവശം
പാർക്കിംഗിലെ വണ്ടിയിലേക്ക് കയറാനായി വേഗത്തിൽ ദൃതിപിടിച്ച് പോകുന്ന മറ്റൊരു സംവിധായകനും സഹായിയും. സഹായിയുടെ കയ്യിൽ ബാഗ്.
അവിടെക്ക് ഓടിവരുന്ന തിരക്കഥാകൃത്ത് കുണ്ടളത്തഴം.
സംവിധായകൻ : (തിരക്കഥാകൃത്തിനെ കണ്ട് ) ആ താനോ .. ഇന്നു വരാൻ പറഞ്ഞിരുന്നു . അല്ലേ ..? പെട്ടെന്ന് ഷൂട്ടിംഗ് പ്ളാൻ മാറ്റേണ്ടി വന്നു. മമ്മൂക്ക ഇന്നലെ തിരിച്ചെത്തി. ( ഒന്നാലോചിച്ച് ) താൻ ഒരു കാര്യം ചെയ്യ്. എന്നോടൊപ്പം ലൊക്കേഷനിലേക്ക് പോരു.. ഇത്രയും ദൂരം വന്നതല്ലേ... തിരിച്ച് പോകണ്ട..

സീൻ - 6 A
പകൽ
നഗരത്തിന്റെ തിരക്കിലൂടെ ചീറിപ്പായുന്ന സംവിധായകന്റെ വാഹനത്തിനുൾവശം.
സംവിദായകൻ ഫോണിലാണ്.
തിരക്കഥകൃത്ത് വിലകൂടിയ വാഹനത്തിൽ കയറിയതിന്റേയും പ്രശസ്ഥനായ ഒരു സംവിധായകനൊപ്പം യാത്ര ചെയ്യുന്നതിന്റേയും അങ്കലാപ്പിൽ.

സീൻ 6 B
പകൽ
ഷൂട്ടിംഗ് ലൊക്കേഷൻ.
റ്റേബിളിനഭിമുഖമായുള്ള കസേരയിൽ സംവിദായകനും തിരക്കഥാകൃത്തും. പുറകിലായി ഷൂട്ടിംഗിനായുള്ള തയ്യറെടുപ്പുകൾ നടക്കുന്നതായി കാണാം.
വേഗതയേറിയ സംഗീതം. തിരക്കഥാകൃത്ത് കഥ പറയുന്നു. സംഗീതം ആരംഭിക്കുന്നു.
സംവിദായകൻ കുനിഞ്ഞ് ധ്യാനത്തിലെന്ന പോലെ ..
സംഗീതവും കഥ പറച്ചിലും അവസാനിക്കുമ്പോൾ സംവിധായകൻ തലയുയർത്തുന്നു.
സംവിധായകൻ : കഥ കൊള്ളാം. ഭാഗ്യം വിൽക്കുന്ന ഒരു മനുഷ്യന്റെ ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങൾ. പക്ഷെ ക്ലൈമാക്സ് പോരാ...ഏക്കില്ല.
തിരക്കഥകൃത്ത് : മാറ്റം വരുത്തം സാർ.
സംവിദായകൻ : അതുപോലെ ഭര്യാ ഭർത്തക്കന്മാർ തമ്മിലുള്ള പൃശനങ്ങൾ കുറച്ച് കൂടി സങ്കീർണ്ണമാകണം. യൂ.. നോ.. ഒരു സ്ത്രി ദേഷ്യം വന്നാൽ എങ്ങ്നെയായിരിക്കും പ്രതികരിക്കുകയെന്ന്..
തിരക്കഥകൃത്ത്: മാറ്റം വരുത്താം സാർ ...
സവിധായകൻ : ഈയടുത്തയി ഞാനൊരു നോവൽ വായിക്കുകയുണ്ടായി. അതിന്റെ ക്ളൈമാക്സിൽ കൊലയാളിലെ കണ്ടെത്തുന്നത് ഒരു സിഗരറ്റ് ലൈറ്ററിൽ നിന്നാണ്. കൊലനടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ആ ലൈറ്ററിന്റെ പൃത്യേകത അവസാനം വരേയും ആരും ശ്രദ്ധിച്ചില്ല. അത് ചുരുട്ട് മാത്രം വലിക്കാൻ മാത്രം ഉപയോഗിക്കുന്ന തരത്തിലുള്ളതായിരുന്നു. ആ കഥയിലെ ചുരുട്ട് വലിക്കുന്ന ആൾ തന്നെയായിരുന്നു കൊലയാളിയും. ( ഒന്നു നിർത്തി ) അതുപോലയെന്തെങ്കിലും പ്രത്യേകത..ഒരു സ്ത്രീ കൊന്നു എന്നതിനു തെളിവായി..
അവിടേക്ക് വരുന്ന സഹ സംവിധായകൻ : സാർ മമ്മൂക്കയെത്തി.
സവിധായകൻ ദൃതിയിൽ എഴുന്നേൽക്കുന്നു. ( തിരക്കഥകൃത്തിനോട് ) താൻ ഒരു കാര്യം ചെയ്യ് അടുത്ത പതിനഞ്ചാം തീയതി . വീട്ടിലേക്ക് വാ.. ഞാൻ ഫ്രീയായിരിക്കും , ഓക്കെ.
തിരക്ക്ഥാകൃത്ത് : ( ആത്മവിശ്വാസത്തോടെ എഴുന്നേൽക്കുന്ന തിരക്കഥാകൃത്ത് ) ശരി സാർ..

സീൻ - 7
പകൽ
ഇരുനില വീടിന്റെ മുറ്റം
അവിടേക്ക് കയറിചെല്ലുന്ന തിരക്കഥാകൃത്ത്.
കോളിംഗ് ബെല്ല് അടിക്കാൻ തുടങ്ങുകയും പിന്നീട് അകത്തുനിന്നും ഉച്ചത്തിലുള്ള ശ്ബ്ദം ശൃദ്ധിക്കുകയും ചെയ്യുന്നു.
അകത്തുനിന്നും ഒരു സ്ത്രീ ശബ്ദം : എനിക്കറിയാം..നിങ്ങൾക്ക് എന്താ അവളുമായി ഇടപാടെന്ന്. എന്നെ പറ്റിക്കാൻ നോക്കണ്ട.
പുരുഷ ശബ്ദം : ( സംവിധായകന്റേത് ) എന്റെ പൊന്നേ നീ പറയുന്നതു മനസ്സിലാക്കു.. അത്തരത്തിലുള്ള ഒരു ബന്ധവും എനിക്ക് അവരുമായില്ല. അവരെന്റെ സിനിമായിലെ സ്ഥിരം ക്യാരക്ടറാണ്.
സ്ത്രീ ശബ്ദം : ക്യാരക്ടറൊക്കെ ലൊക്കേഷനിൽ മതി...മുറിയിലല്ല. ഞാനും കുറച്ച് സിനിമ കണ്ടിട്ടുള്ളതാ...ഈ ലോകത്തുള്ള സകലമാന പത്രക്കാരും വീക്കിലിക്കരും എഴുതിയിട്ടും നിങ്ങൾക്ക് മതിയായില്ലേ..?
സംവിധായകൻ : എന്തു കഷ്ടമാണിത്.. ലൊക്കേഷനിലെ കഷ്ട്പ്പാടും ബുദ്ധിമുട്ടും കഴിഞ്ഞ് വരുമ്പോൾ ...
സ്ത്രീ ശബ്ദം :അതേ.. എല്ലാവർക്കും വേണ്ടത് അഭിനയമാണ്. അതിനാണല്ലോ നടിയെ തന്നെ കല്യാണം കഴിക്കുന്നത്.. ( കരച്ചിൽ )
സംവിദായകൻ : എന്റെ റീജാ...നീ...
സ്ത്രീ ശബ്ദം : തൊട്ടുപോകരുതന്നെ...
തിരക്കഥകൃത്തിനരുകിലേക്ക് വന്നു വീഴുന്ന ഒരു ടോർച്ച് ...
തിരക്കഥാകൃത്ത് തിരിഞ്ഞ് നടക്കുമ്പോൾ അലിഞ്ഞില്ലാതാകുന്ന സ്ത്രീ ശബ്ദം : ഞാൻ മക്കളോട് വിളിച്ചു പറയുന്നുണ്ട് അച്ചന്റെ തനി ഗുണം.
സീൻ - 8
പകൽ
ഗ്രാമത്തിലേതെന്ന് തോന്നിക്കുന്ന ഒരു പ്രാരാബ്ദം ചായക്കട.
കടയ്കുള്ളിലെ ബെഞ്ചിലിരുന്ന് ചായകുടിക്കുന്ന തിരക്കഥാകൃത്ത്.
എവിടെയോ ദൂരയാത്ര ക്ഴിഞ്ഞ് വന്നതിന്റെ ഷീണം മുഖത്തും വസ്ത്രത്തിലും കാണാം.
ഒഴിഞ്ഞ കണ്ണാടിപെട്ടിക്ക് മുകളിലായി ഒരു റേഡിയോ കഷ്ട്പ്പെട്ട് പ്രവർത്തിക്കുന്നു. അടുത്തായുള്ള കസേരയിൽ ചായക്കടക്കാരൻ റേഡിയോയിലെ പഴയ ചലച്ചിത്രഗാനം കേട്ട് ബീഡി ആഞ്ഞ് വലിക്കുന്നു.
റേഡിയോ ചലച്ചിത്രഗാനത്തിൽ നിന്നും ന്യൂസിലേക്ക് വഴി മാറുന്നു.
റേഡിയോന്യൂസ് :പ്രശസ്ത സവിധായകൻ ഡോക്ടർ ആഞ്ചലോസ് സിനിമാലോകത്തോട് വിടപറഞ്ഞു.
തിരക്കഥാകൃത്തിന്റെ കയ്യിൽ നിന്നും ഗ്ലാസ് വഴുതിപ്പോകുന്നു.
ന്യൂസ് തുടരുന്നു : ഹോട്ടൽ മുറിയിലെ കുളിമുറിയിൽ ഇരുകൈകളിലേയും ഞരമ്പുകൾ മുറിക്കപ്പെട്ടനിലയിലാണ് ഡോക്ടറെ കണ്ടെത്തിയത്. മരിക്കും മുമ്പ് നന്നായി മദ്യപിച്ചിരുന്നതായി പോലീസ് പറയുന്നു. കൂടുതൽ വിവരങ്ങളുമായി..
എല്ലാ പ്രതീക്ഷകളും അസ്തമിച്ചവനെപ്പോലെ തലയ്ക്കു കൈ താങ്ങിയിരിക്കുന്ന തിരക്കഥാകൃത്ത്.

സീൻ - 8
പകൽ
നഗരത്തിലെ ഒരു പ്രധാന ഫ്ലാറ്റിലെ മുറി.
കസേരയിലിരുന്ന് ബീയർ നുണയുന്ന ഒരു സ്ത്രീ.
എതിരായുള്ള ശോഫയിൽ തിരക്കഥാകൃത്ത് കുണ്ടളത്താഴം അക്ഷമയോടെ.
സ്ത്രീക്ക് മുൻപിലായുള്ള റ്റീഫോയ്ക്ക് മുകളിൽ ബീയർ കുപ്പികൾ, സിഗരറ്റ് ബോക്സ്, ആഷ്ട്രെ. ആഷ്ട്രേയിൽ പകുതികത്തിതീർന്ന സിഗരറ്റ് പുകയുന്നു.
തിരക്കഥകൃത്ത് : മാഡം എന്തിനാണ് എന്നെ വിളിച്ചതെന്ന് പറഞ്ഞില്ല.
സ്ത്രീ : വിളിച്ച്ത് പറയാം... താങ്കൾ ഒരു റൈറ്റർ ആയിട്ട്... ഒരു ബീയർ പോലും കുടിച്ചില്ല.
തിരക്കഥാകൃത്ത് : കഴിക്കാറുണ്ട് പക്ഷെ സ്ത്രീകളോടൊപ്പം തുടങ്ങിയിട്ടില്ല.
സ്ത്രീ : ഉം... ശരി ..ആഞ്ചലേട്ടന്റെ വലിയ ആഗ്രഹമായിരുന്നു താങ്കളുടെ തിരക്കഥ..ക്ലൈമാക്സ് എന്ന സിനിമയെ കുറിച്ച് എപ്പോഴും പറയുമായിരുന്നു. ആ ആഗ്രഹം എനിക്ക് നിറവേറ്റണമെന്നുണ്ട്. താങ്കൾ എന്നെ സഹായിക്കണം.
തിരക്കഥകൃത്ത് : സാറിന്റെ മരണത്തോടെ ആ വർക്ക് ഞാൻ ഉപേക്ഷിച്ചു.
സ്ത്രീ : എന്ത് ..
തിരക്ക്ഥാകൃത്ത് : അതെ. തീരുമാനിക്കാനാകാത്ത ക്ലൈമാക്സായിരുന്നു ഞാൻ ഫെയ്സ് ചെയ്ത പ്രോബ്ളം .. പക്ഷെ ക്ലൈമാക്സ് കണ്ടെത്തിയപ്പഴേക്കും വൈകിപ്പോയിരുന്നു.
സ്ത്രീ : എന്തായിരുന്നു തങ്കൾ ക്ണ്ടെത്തിയ ക്ലൈമാക്സ് ...?
തിരക്കഥകൃത്ത് : നായകന്റെ മരണം ഒരു സ്ത്രീയുടെ വാക്കുകൾ കൊണ്ടുള്ള മുറിവേറ്റായിരുന്നു.
സ്ത്രീ : വാക്ക് ....
തിരക്കഥാകൃത്ത് : അതെ. കേട്ടിട്ടില്ലെ...ചില വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയേറുമെന്ന്...പക്ഷെ എന്തുചെയ്യാം ആ ആയുധം ഒരു മരണകാരണമായി നമ്മുടെ നിയമം അംഗീകരിക്കുന്നില്ല.
സ്ത്രീയുടെ വികൃതമായ മുഖം.
തിരക്കഥാകൃത്ത് പോകാനായി എഴുന്നേൽക്കുന്നു. പോകും മുമ്പ് തിരിഞ്ഞുനിന്ന്: അംഗീകരിച്ചിരുന്നുവെങ്കിൽ ആ നല്ല മനുഷ്യന്റെ ആത്മാവിൽ ചവിട്ടി വിണ്ടും വേദനിപ്പിക്കാൻ നിങ്ങളിവിടെ ഉണ്ടാകുമായിരുന്നില്ല.
സ്ത്രീ : നിങ്ങൾ എന്താണീ പറയുന്നത്..
തിരക്കഥാകൃത്ത്: അതെ...നിങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിനുത്തരവാദി. മരിക്കും മുമ്പ്, നിങ്ങൾ ഡൈവോഴ്സ് നോട്ടീസയച്ച അന്ന് രാത്രി അദ്ദേഹം എന്നെ വിളിച്ചു -ഒരു ക്ലൈമാക്സ് പറയാൻ, സ്വസ്ഥത കിട്ടാത്ത ഒരു മനുഷ്യന്റെ ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം. നിങ്ങൾ സ്വപ്ന്ം കാണുന്ന ലോകം വളരെ ചെറുതാണ്. ഇനിയുള്ളകാലം രാമനാമം ചൊല്ലൂ..വരും തലമുറയെങ്കിലും ആ ശാപം ഏറ്റുവാങ്ങാതിരിക്കട്ടെ.
ഒരു യുദ്ധം ജയിച്ചവനേപോലെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങുന്ന തിരക്കഥാകൃത്തിന്റെ മുഖം. പുറകിൽ തളർന്ന് കസേരയിലേക്ക് ചായുന്ന സ്ത്രീ.
അയാൾ ഹോട്ടൽ ഇടനാഴിയിലൂടെ നടന്നു നീങ്ങുമ്പോൾ അവിടെ മുഴങ്ങുന്ന തിരക്കഥാകൃത്തിന്റെ ശബ്ദം : സാർ ഇനിയും ഇതുപോലെ പല ഇടനഴികളും കയറിയിറങ്ങേണ്ടിവന്നേക്കാം. പക്ഷെ നീതിപൂർവ്വമല്ലാത്ത ഒരു ശ്രമം എനിക്കു വയ്യ. ഇനിഎന്നെങ്കിലും ഈ ചിത്രം യാഥാർത്ഥ്യമാകുകയാണെങ്കിൽ അത് അങ്ങയ്ക്കായുള്ള എന്റെ സമർപ്പണമായിരിക്കും. അന്ന് ഈ ലോകം സത്യം തിരിച്ചറിയും . തീർച്ച.
ശുഭം.

No comments:

Post a Comment